റമസാനിൽ തടവുകാർക്ക് മോചനം; 870 പേരെ മോചിപ്പിക്കാൻ യുഎഇ പ്രസിഡന്റിന്റെ ഉത്തരവ്

റമസാനോടനുബന്ധിച്ചു യുഎഇയിലെ വിവിധ എമിറേറ്റുകളിൽ തിരഞ്ഞെടുത്ത തടവുകാർക്ക് മോചനം പ്രഖ്യാപിച്ചു. സ്വദേശികളും വിദേശികളുമായ 870 തടവുകാരെ മോചിപ്പിക്കാൻ പ്രസിഡൻറ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടു. വിവിധ എമിറേറ്റുകളിലായി ആയിരത്തിഅഞ്ഞൂറിലധികം തടവുകാരാണ് മോചിപ്പിക്കപ്പെടുന്നത്.

യുഎഇയിലെ വിവിധ ജയിലുകളിൽ കഴിയുന്ന 540 തടവുകാരെ മോചിപ്പിക്കാൻ പ്രസിഡൻറ് ഷെയ്ഖ് ഖലീഫ ബിൻ സയിദ് അൽ നഹ്യാൻ ഉത്തരവിട്ടു. ഈ തടവുകാരുടെ സാമ്പത്തിക ബാധ്യതകള്‍ സര്‍ക്കാര്‍ ഒത്തുതീര്‍പ്പാക്കും. ശിക്ഷാകാലത്തു നല്ല പെരുമാറ്റം കാഴ്ചവച്ച 659 തടവുകാരെ മോചിപ്പിക്കാൻ യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നിർദേശിച്ചു. അജ്മാൻ ഭരണാധികാരിയും യുഎഇ സുപ്രീംകൌൺസിൽ അംഗവുമായ ഷെയ്ഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമി അജ്മാനി 82 തടവുകാർക്കു മോചനം പ്രഖ്യാപിച്ചു. ഷാർജയിലെ ജയിലുകളിൽ നിന്നു 210പേരെ മോചിപ്പിക്കാൻ യുഎഇ സുപ്രീം കൌൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉത്തരവിട്ടു. റാസൽഖൈമയിൽ 345 തടവുകാരെ മോചിപ്പിക്കുന്നതിനു ഭരണാധികാരി  ഷെയ്ഖ് സൌദ് ബിൻ സഖ്ർ അൽ ഖാസിമി നിർദേശിച്ചു. എല്ലാ വർഷവും റമസാൻ കാലത്ത് തിരഞ്ഞെടുത്ത തടവുകാർക്ക് മോചനം അനുവദിക്കാറുണ്ട്. അതീവഗുരുതരമല്ലാത്ത കേസുകളിൽപെട്ടു കഴിയുന്ന തടവുകാരുടെ നല്ല പെരുമാറ്റം പരിഗണിച്ചാണ് മോചനം അനുവദിക്കുന്നത്.