പുന്നമടക്കായലായി അൽമർജാന്‍ കടൽത്തീരം; റാസൽഖൈമയിൽ നെഹ്റു ട്രോഫി വള്ളംകളി

പ്രവാസിമലയാളികൾക്ക് ആവേശമായി റാസൽഖൈമയിൽ നെഹ്റു ട്രോഫി വള്ളംകളി സംഘടിപ്പിച്ചു. അൽ മർജാനിൽ നടന്ന മൽസരത്തിൽ ഗബ്രിയേൽ ചുണ്ടൻ ജേതാക്കളായി. ഫൈബർ ചുണ്ടൻ വള്ളങ്ങളിലാണ് മൽസരങ്ങൾ സംഘടിപ്പിച്ചത്.

അൽമർജാനിലെ കടൽത്തീരം പുന്നമടക്കായലായി മാറിയ കാഴ്ച. കേരളത്തിലെ ഗ്രാമപ്രദേശത്തെ ഓർമിപ്പിക്കും വിധം അണിഞ്ഞൊരുങ്ങിയ അൽ മർജാൻ കടൽത്തീരത്തു നടന്ന യുഎഇയിലെ രണ്ടാം നെഹ്റു ട്രോഫി വള്ളംകളി പ്രവാസിമലയാളികൾക്ക് ആഘോഷമായി. കേരളത്തിലെ നെഹ്റു ട്രോഫി വള്ളംകളിയുടെ ചിട്ടവട്ടങ്ങളോടെ നടന്ന മത്സരത്തിൽ 22 പേർവീതമുള്ള ഫൈബർ ചുണ്ടൻ വള്ളങ്ങളാണ് മൽസരത്തിൽ പങ്കെടുത്തത്. വാശിയേറിയ ഇഞ്ചോടിഞ്ചു പോരാട്ടത്തിൽ സെൻറ് ജോർജിനെ മറികടന്നു ഗബ്രിയേൽ ചുണ്ടൻ ഒന്നാമതെത്തി.

യുഎഇയിലെ ഏഴുഎമിറേറ്റുകളിൽ നിന്നായി വിവിധകൂട്ടായ്മകളെ പ്രതിനിധീകരിച്ചു വനിതകളടക്കമുള്ളവർ തുഴയെറിയാനെത്തി. റാസൽഖൈമ സർക്കാരിൻറെ പിന്തുണയോടെ റാസൽ ഖൈമ ഇൻറർനാഷണൽ മറൈൻ സ്പോർട്സ് ക്ലബ്ബിൻറെ നേതൃത്വത്തിൽ റാസൽ ഖൈമ ഇന്ത്യൻ അസോസിയേഷൻ, ദ് ബ്രൂ മീഡിയ തുടങ്ങിയവർ ചേർന്നാണ് വള്ളംകളിമൽസരം സംഘടിപ്പിച്ചത്. സാംസ്കാരിക ഘോഷയാത്ര, ഫ്യൂഷൻ ചെണ്ട മേളം, സംഗീതപരിപാടി എന്നിവയും വള്ളംകളിമൽസരത്തോടനുബന്ധിച്ചു സംഘടിപ്പിച്ചിരുന്നു.