വെള്ളിയാഴ്ച ഇനി സൗജന്യ പാർക്കിങ് ഇല്ല: ദുബായിൽ വമ്പൻ മാറ്റങ്ങൾ

യുഎഇയിൽ വാരാന്ത്യ അവധി ശനി– ഞായർ ദിവസങ്ങളിലേക്കു മാറ്റിയതിന്റെ പശ്ചാത്തലത്തിൽ പുതിയ നിയമങ്ങൾ നടപ്പിലാക്കുവാൻ ഒരുങ്ങുകയാണ് ദുബായ് ഭരണകൂടം. പാർക്കിങ് സോണുകളിൽ സൗജന്യപാർക്കിങ് ഇനി മുതൽ വെള്ളിയാഴ്ചകളിൽ നടക്കില്ല എന്നുള്ളതാണ് ഏറ്റവും പ്രധാനപ്പെട്ട മാറ്റം.ദുബായിലെ സൗജന്യ പാർക്കിങ് ഞായറാഴ്ചകളിൽ ആയിരിക്കുമെന്ന് വ്യക്തമാക്കി ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രമേയം പുറത്തിറക്കി.

വെള്ളിയാഴ്ചകളിൽ ഇനി പാർക്കിങ്ങിനു പണം നൽകണം.  പൊതു അവധി ദിനങ്ങളിലും പാർക്കിങ് സൗജന്യമായിരിക്കും.  തിങ്കൾ മുതൽ ശനി വരെയുളള ദിവസങ്ങളിൽ രാവിലെ എട്ടു മുതൽ വൈകിട്ട് 10 വരെ 14 മണിക്കൂർ സമയം പാർക്കിങ്ങിനു പണം അടയ്ക്കണമെന്നു പുതിയ പ്രമേയത്തിൽ വ്യക്തമാക്കി. അതേസമയം, ബഹുനില പാർക്കിങ് സൗകര്യങ്ങളിൽ ആഴ്ചയിൽ എല്ലാ ദിവസവും 24 മണിക്കൂറും പാർക്കിങ് ഫീസ് ഈടാക്കും. വഴിയരികിലുള്ള പാർക്കിങ് സ്ലോട്ടുകളിൽ തുടർച്ചയായി നാലു മണിക്കൂർ മാത്രമേ പാർക്കിങ് അനുവദിക്കുകയുള്ളു.