പിതാവിനെ കുത്തിയത് 36 തവണ; ലഹരിക്ക് അടിമയായ മകന് വധശിക്ഷ വിധിച്ച് കോടതി

court-order-new
SHARE

അൽഐനിൽ പിതാവിനെ ക്രൂരമായി കൊലപ്പെടുത്തിയ മകന് വധശിക്ഷ വിധിച്ച് അബുദാബി കോടതി. ലഹരിക്ക് അടിമയായ യുവാവ് 36 തവണയാണ് സ്വന്തം പിതാവിനെ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് ആക്രമിച്ചത്. ലഹരിമരുന്ന് വാങ്ങാൻ പണം നൽകാത്തതിനാലാണ് പിതാവിനെ ആക്രമിച്ചതെന്നാണ് കോടതി രേഖകളിൽ പറയുന്നത്. കഴിഞ്ഞ വർഷം റമസാൻ മാസത്തിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. കൊല്ലപ്പെട്ട വ്യക്തിയുടെ കുടുംബം പ്രതിക്ക് മാപ്പു നൽകാൻ തയാറായില്ല. ഇതേ തുടർന്നാണ് കോടതി വധശിക്ഷ വിധിച്ചത്. 

പിതാവിനോട് എമിറാത്തി യുവാവ് സ്ഥിരമായി പണം ചോദിക്കാറുണ്ടെന്നാണ് പൊലീസ് റിപ്പോർട്ടിൽ പറയുന്നത്. പലപ്പോഴും അദ്ദേഹം പണം നൽകി. എന്നാൽ, മകൻ ഈ പണം ഉപയോഗിച്ച് ലഹരിമരുന്നുകളാണ് വാങ്ങുന്നതെന്ന് മനസിലാക്കിയ പിതാവ് പിന്നീട് പണം നൽകാതിരിക്കുകയായിരുന്നു. ഇതാണ് പ്രതിയെ പ്രകോപിപ്പിച്ചത്. പണം നൽകാത്തതിന് യുവാവ് പിതാവിനെ ക്രൂരമായി മർദിച്ചിരുന്നുവെന്ന് ദൃക്സാക്ഷികൾ മൊഴി നൽകി. ഇയാൾക്കെതിരെ മുൻപ് ഒരു ലഹരി കേസുണ്ടായിരുന്നു. ലഹരിമുക്തി കേന്ദ്രത്തിൽ ചേർക്കുകയും ചെയ്തിരുന്നുവെന്നാണ് റിപ്പോർട്ട്.

സംഭവ ദിവസം, കൊല്ലപ്പെട്ട വ്യക്തി വീടിന്റെ വരാന്തയിൽ നിൽക്കുമ്പോൾ മകൻ അവിടേക്ക് വരികയും പണം ആവശ്യപ്പെടുകയും ചെയ്തു. ഇത് നിഷേധിച്ച പിതാവിനെ മകൻ കയ്യിൽ കരുതിയിരുന്ന മൂർച്ചയുള്ള വസ്തു ഉപയോഗിച്ച് കുത്തി. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലായി 36 തവണയാണ് കുത്തിയെന്നും പ്രോസിക്യൂട്ടേഴ്സ് പറഞ്ഞു. പിതാവിന്റെ കൊലപാതകത്തിനു പുറമേ സഹോദരന്റെ വാഹനം നശിപ്പിക്കുകയും ചെയ്തു. കുത്തേറ്റ പിതാവിനെ രക്ഷിക്കാനായി ശ്രമിച്ചപ്പോൾ സ്വന്തം വാഹനം കൊണ്ട് സഹോദരന്റെ വാഹനത്തിൽ ഇടിക്കുകയായിരുന്നു. 

പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂട്ടേഴ്സ് ആവശ്യപ്പെട്ടു. ക്രിമിനൽ കോടതിയും അപ്പീൽ കോടതികളും പ്രതിക്ക് വധശിക്ഷ വിധിച്ചിരുന്നു. എന്നാൽ, ഇതിനെ ചോദ്യം ചെയ്താണ് ഉന്നത കോടതിയെ സമീപിച്ചത്.

MORE IN GULF
SHOW MORE