നിറയെ മികവുകളും പുതുമകളുമായി ദുബായിൽ ഇൻഫിനിറ്റി പാലം തുറന്നു

bridge
SHARE

ദുബായിൽ ദെയ്റ ക്രീക്കിന് മുകളിലൂടെ നിർമിച്ച ഇൻഫിനിറ്റി പാലം തുറന്നു. എൻജിനീയറിങ് മികവുകളും പുതുമകളും ഒരുമിക്കുന്ന പാലമാണ് നഗരഹൃദയത്തിൽ പൂർത്തിയായത്. അതേസമയം, ദെയ്റയിൽ നിന്നും ബർദുബായിലേക്കുള്ള ഷിന്ദഗ ടണൽ താൽക്കാലികമായി അടച്ചിടുമെന്നു ആർ.ടി.എ അറിയിച്ചു.

നഗരഹൃദയമായ ദുബായ് ദെയ്റ ക്രീക്കിനു മുകളിലൂടെ നിർമിച്ച ഇൻഫിനിറ്റി പാലം യുഎഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തുമാണ് രാജ്യത്തിനു സമർപ്പിച്ചത്. ഭാവിയിലേക്കുള്ള പാലമാണെന്നും രാജ്യത്തിൻറെ അഭിലാഷങ്ങൾക്ക് അതിരുകളില്ലെന്നും ഷെയ്ഖ് മുഹമ്മദ് ട്വിറ്ററിൽ കുറിച്ചു. 500 കോടി ദിർഹത്തിൻറെ ഷിന്ദഗ കോറിഡോർ പദ്ധതിയുടെ ഭാഗമായി 2018ലാണ്  പാലം നിർമാണം ആരംഭിച്ചത്. ക്രീക്കിൽ നിന്നും 15.5 മീറ്റർ ഉയരത്തിലാണ് 300 മീറ്റർ നീളവും 22 മീറ്റർ വീതിയുമുള്ള പാലം. ഇരുഭാഗത്തേക്കും ആറു ലെയ്നുകൾ വീതമുണ്ട്. സൈക്കിൾ, കാൽനട യാത്രക്കാർക്കായി മൂന്നു മീറ്റർ ലെയ്നുമുണ്ട്. ക്രീക്കിലൂടെ എത്ര വലിയ ജലയാനങ്ങൾക്കും കടന്നുപോകാനാകും വിധമാണ് പാലം നിർമിച്ചിരിക്കുന്നത്. ഗണിതത്തിലെ ഇൻഫിനിറ്റി അഥവാ അനന്തതയെ സൂചിപ്പിക്കുന്ന കമാനമാണ് ഒരുക്കിയിരിക്കുന്നത്. എൻജിനീയറിങ്ങിലേയും കലയിലേയും വാസ്തുവിദ്യയിലേയും മാസ്റ്റർപീസാണ് ഇൻഫിനിറ്റി പാലമെന്നു ഷെയ്ഖ് മുഹമ്മദ് വിശേഷിപ്പിച്ചു. അതേസമയം, അൽ ഷിന്ദഗ ടണൽ ഞായറാഴ്ച മുതൽ രണ്ടു മാസത്തേക്ക് അടച്ചിടുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി അറിയിച്ചു. പുതിയ പാലങ്ങളുമായി ടണലിനെ ബന്ധിപ്പിക്കുന്ന റോഡുകളുടെ നിർമാണമടക്കം പ്രവർത്തനങ്ങൾക്കായാണ് താൽക്കാലിക അടച്ചിടൽ.

MORE IN GULF
SHOW MORE