കലാപരിശീലന കേന്ദ്രവുമായി ആശാ ശരത്ത്; കൈരളി കലാകേന്ദ്രം ഖുസൈസില്‍

നടി ആശാ ശരത്തിൻറെ നേതൃത്തിൽ ദുബായിൽ പുതിയ കലാപരിശീലനകേന്ദ്രം തുറന്നു. കലയോടൊപ്പം കായികപരിശീലനവും നൽകുന്ന കൈരളി കലാകേന്ദ്രമാണ് ഖുസൈസിൽ തുറന്നത്. യുഎഇയിൽ ആശാ ശരത്തിൻറെ നേതൃത്വത്തിലുള്ള എട്ടാമത്തെ കലാപരിശീലന കേന്ദ്രമാണിത്. 

നൂറ്റമ്പതോളം കലാവിദ്യാർഥികൾ അണിനിരന്ന കലാസാംസ്കാരിക പരിപാടികളുടെ അകമ്പടിയോടെയായിരുന്നു ദുബായ് ഖുസൈസിൽ കൈരളി കലാകേന്ദ്രം തുറന്നത്.  നൃത്തമടക്കം കലകളും കായിക പരിശീലനവും നൽകുന്ന കേന്ദ്രമാണിതെന്ന് ആശാ ശരത് പറഞ്ഞു. കുടുംബം ഒന്നിച്ചെത്തി പരിശീലനം നടത്താനുള്ള സൌകര്യമുണ്ട്. 

കലയും നൃത്തവും കായികപരിശീലനവും ഒരിടത്തുതന്നെ പരിശീലിപ്പിക്കുന്ന കേന്ദ്രം കേരളത്തിൽ തുറക്കാനുള്ള ശ്രമത്തിലാണെന്നും ആശ ശരത്ത് അറിയിച്ചു. ആശാ ശരത്തിൻറെ നേതൃത്വത്തിലുള്ള യുഎഇ മറ്റ് ഏഴു പരിശീലനകേന്ദ്രങ്ങളിലും നേരിട്ടുള്ള കലാപരിശീലനം പുനഃരാരംഭിച്ചു. കുച്ചുപ്പുടി, മോഹിനിയാട്ടം, ഭരതനാട്യം, ശാസ്ത്രീയ സംഗീതം, ചെണ്ട, കഥകളി, പിയാനോ, ഗിറ്റാർ തുടങ്ങിയവയെല്ലാം പഠിക്കുന്നതിനു കൈരളി കലാകേന്ദ്രങ്ങളിൽ സൌകര്യമൊരുക്കിയിട്ടുണ്ട്. 27 വർഷമായി യുഎഇയിൽ നൃത്തപരിശീലന രംഗത്ത് സജീവമാണ് ആശാശരത്ത്.