ലോകത്തിലെ ഉയരമേറിയ നിരീക്ഷണ ചക്രം; അത്ഭുതമായി ഐൻ ദുബായ്

ain
SHARE

ലോകത്തിലെ ഏറ്റവും ഉയരമേറിയ നിരീക്ഷണ ചക്രം, ഐൻ ദുബായ് പൊതുജനങ്ങൾക്കായി തുറന്നു. ദുബായ് ബ്ളൂ വാട്ടേഴ്സ് ദ്വീപിലാണ് 250 മീറ്റർ ഉയരമുള്ള ഒബ്സർവേഷൻ വീൽ ഒരുക്കിയിരിക്കുന്നത്. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും ചക്രത്തിൻറെ മുകളിലിരിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.

ദുബായുടെ കണ്ണ് എന്നർഥമുള്ള ഐൻ ദുബായ് എന്ന ഒബ്സർവേഷൻ വീലാണ് പൊതുജനങ്ങൾക്ക് നേരിട്ട് കണ്ട് അനുഭവിക്കാനായി തുറന്നത്. ദുബായ് നഗരത്തിൻറേയും കടലിൻറെയും സൗന്ദര്യം 360 ഡിഗ്രി ദൃശ്യാനുഭവത്തോടെ ആസ്വദിക്കാൻ കഴിയുന്ന ഐൻ ദുബായിൽ ഒരേ സമയം 1,750 പേർക്കു കയറാനാകും. അള്‍ട്രാവയലറ്റ് കിരണങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കുന്ന 48 പാസഞ്ചർ ക്യാബിനുകളാണുള്ളത്. ഒരുതവണ കറങ്ങാൻ 38 മിനിറ്റ് വേണം. ഒരു ക്യാബിനിൽ 40 പേർക്കുവരെ കയറാമെങ്കിലും കോവിഡ് നിയന്ത്രണങ്ങൾ കാരണം ഏഴു പേരെയാണ് അനുവദിക്കുന്നത്.

കുതിരയോട്ടം അടക്കമുള്ള സാഹസിക വിനോദങ്ങളിൽ രാജ്യാന്തരതാരം കൂടിയായ ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ, ഒരു കപ്പ് ചായയുമായി ഐൻ ദുബായുടെ മുകളിലിരിക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. ലക്ഷക്കണക്കിനു പേരാണ് വിഡിയോ കണ്ടത്.  മൂന്നിനും 12നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് 100 ദിർഹവും മറ്റുള്ളവർക്ക് 130 ദിർഹവുമാണ് ടിക്കറ്റ് നിരക്ക്. രണ്ടു മുതിർന്നവർക്കും രണ്ടു കുട്ടികൾക്കും കയറാവുന്ന ഫാമിലി പാസിന് 370 ദിർഹം. aindubai.com എന്ന വെബ്സൈറ്റിലൂടെ ടിക്കറ്റ് ബുക് ചെയ്യാം.

MORE IN GULF
SHOW MORE
Loading...
Loading...