തലപൊക്കി വ്യാജ റിക്രൂട്മെന്റ് സംഘങ്ങൾ വീണ്ടും; തട്ടിപ്പ്, വാട്സാപ് വഴി

അബുദാബി∙ ഇടവേളയ്ക്കുശേഷം വ്യാജ റിക്രൂട്മെന്റ് വീണ്ടും സജീവമാകുന്നു. ദുബായ് എക്സ്പോ, അൽഫുതൈം ഗ്രൂപ്പ്, പ്രമുഖ ബാങ്കുകൾ എന്നിവയുടെ പേരിലാണ് തട്ടിപ്പുകൾ അരങ്ങേറുന്നത്.

ആകർഷകമായ വൻ ശമ്പളത്തിന്റെയും ആനുകൂല്യങ്ങളുടെയും പേരിൽ കെണിയിലാകുന്നവർ കൂടുതലും മലയാളികളാണ്. വിദേശ ജോലിക്കായി വിവിധ റിക്രൂട്ടിങ് സൈറ്റുകളിൽ ബയോഡേറ്റ പോസ്റ്റ് ചെയ്ത തലശ്ശേരി സ്വദേശി സെബാസ്റ്റ്യന് അൽഫുതൈം ഗ്രൂപ്പിൽനിന്നെന്ന് തെറ്റിദ്ധരിപ്പിച്ച് റൂം അറ്റൻഡർ പോസ്റ്റിലേക്കു ജോലി വാഗ്ദാനം ലഭിച്ചു.

വാട്സാപ് വഴിയായിരുന്നു ആശയവിനിമയം. വൈകാതെ 2500 ദിർഹം ശമ്പളവും മറ്റു ആനുകൂല്യങ്ങളും കാണിച്ച് ഓഫർ ലെറ്ററും പിന്നാലെ വീസയും ലഭിച്ചു. വീസയും മറ്റു രേഖകളും പരിശോധിക്കാൻ സുഹൃത്തും ദുബായിലെ സാമൂഹിക പ്രവർത്തകനുമായ ബുഖാരി ബിൻ അബ്ദുൽഖാദർ മുഖേന അന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് ബോധ്യമായതും സെബാസ്റ്റ്യൻ രക്ഷപ്പെട്ടതും.

ജോലിക്കു ചേരാനുള്ള ഇഎച്ച്എസ് കാർഡിന് 13010 രൂപ കമ്പനി പ്രതിനിധിയുടെ ഇന്ത്യൻ അക്കൗണ്ടിൽ അയയ്ക്കാൻ ആവശ്യപ്പെട്ടപ്പോൾ ഉടൻ നൽകാനാവില്ലെന്ന് അറിയിച്ചു. ഉള്ള തുകയെങ്കിലും അയയ്ക്കാൻ പറഞ്ഞു. പിന്നീട്. കിട്ടില്ലെന്ന് ബോധ്യപ്പെട്ടതോടെ ഗ്രൂപ്പിൽനിന്ന് സെബാസ്റ്റ്യനെ പുറത്താക്കി.

അബുദാബിയിലെ പ്രമുഖ കമ്പനിയിൽ ഇലക്ട്രിക്കൽ എൻജിനീയറായി ജോലി വാഗ്ദാനം ലഭിച്ച മലപ്പുറം ചങ്ങരംകുളം സ്വദേശി അഫ്സൽ ഷംസുദ്ദീന് 50,000 രൂപയാണ് നഷ്ടമായത്. ജോലി അന്വേഷിച്ചു മടുത്ത അഫ്സൽ ഓൺലൈനിൽ കണ്ട ഏജൻസിയെ സമീപിക്കുകയായിരുന്നു. വീസ നടപടികൾക്കെന്നു പറഞ്ഞ് പണം കൈക്കലാക്കുന്നതുവരെ നിരന്തരം ബന്ധപ്പെട്ടിരുന്ന ഏജന്റുമാരുടെ നമ്പറുകളെല്ലാം പിന്നീട് പ്രവർത്തനരഹിതമായി.

നേരത്തെ ഷിപ്പിങ്/ എണ്ണ കമ്പനികൾ, ലുലു ഗ്രൂപ്പ്, ആശുപത്രി, സ്കൂൾ, എക്സ്ചേഞ്ച് തുടങ്ങിയവരുടെ പേരിലും വ്യാജ റിക്രൂട്മെന്റ് നടന്നിരുന്നു. സ്ഥാപനങ്ങളുടെ സമയോചിത ഇടപെടൽ മൂലം ഒട്ടേറെ പേർ രക്ഷപ്പെട്ടു. എന്നാൽ നിജസ്ഥിതി അന്വേഷിക്കാത്ത പലർക്കും പണം നഷ്ടപ്പെട്ടു.

ആശയവിനിയമം വാട്സാപ് വഴി

വാട്സാപ് ഗ്രൂപ്പിൽ ചേർത്താണ് ഉദ്യോഗാർഥികളെ വിശ്വാസത്തിലെടുക്കുന്നത്.  ഗ്രൂപ്പിൽ തട്ടിപ്പു സംഘാംഗങ്ങൾ ഉദ്യോഗാർഥികളായെത്തും. പുതിയ ഇരയെ വിശ്വാസത്തിലെടുക്കുംവിധമാണ്  സംശയവും മറുപടിയും പോസ്റ്റ് ചെയ്യുന്നത്. ദുബായ് വിമാനത്താവളത്തിൽ പിസിആർ എടുക്കേണ്ട സ്ഥലത്തിന്റെ ചിത്രം വരെ ഗ്രൂപ്പിലിടും. ജോലിക്കുചേർന്ന വ്യക്തിയുടെ നന്ദിപ്രകടനവും കാണുന്നതോടെ പുതിയ ഇര വലയിൽ വീഴും.

ശ്രദ്ധിച്ചാൽ തട്ടിപ്പുകാരുടെ ഇരയാകില്ല

∙ കമ്പനിയെക്കുറിച്ച് ആഴത്തിൽ പഠിച്ച് ഉറപ്പുവരുത്തുക.

∙ കൂടുതൽ ശമ്പളവും ആനുകൂല്യവും വാഗ്ദാനം ചെയ്യുന്നവരെ കരുതിയിരിക്കുക. 

∙ നിയമന ഉത്തരവിലെ വാഗ്ദാനങ്ങളും ഭാഷാനിപുണതയും വിലയിരുത്തുക.

∙ അതതു രാജ്യത്തെ എംബസി, കോൺസുലേറ്റ് മുഖേന നിയമനരേഖയുടെ ആധികാരികത ഉറപ്പാക്കുക.

∙ സാമൂഹിക സംഘടനകൾ, സുഹൃത്തുക്കൾ മുഖേനയും അന്വേഷിക്കാം.

∙ പാസ്പോർട്ടും സർട്ടിഫിക്കറ്റുകളും ഫോട്ടോയും (പ്രത്യേകിച്ച് വനിതകളുടെ) കൈമാറാതിരിക്കുക.

∙ റജിസ്ട്രേഷനും വീസ നടപടിക്രമങ്ങൾക്കും മറ്റും പണം ആവശ്യപ്പെടുന്നവരെ സൂക്ഷിക്കുക.

∙ അംഗീകൃത കമ്പനികൾ ഓഫർലെറ്റർ അയയിക്കാൻ സൗജന്യ ഇമെയിൽ (ജിമെയിൽ, യാഹൂ, ഹോട്ട്മെയിൽ, വാട്സാപ്പ്...) ഉപയോഗിക്കില്ലെന്ന് മനസ്സിലാക്കുക.

∙ വെബ്സൈറ്റ് വിലാസം പരിശോധിച്ച് വ്യാജമല്ലെന്ന് ഉറപ്പാക്കുക.

∙  അഭിമുഖം നടത്താതെ യഥാർഥ കമ്പനികൾ ജോലിക്ക് വയ്ക്കില്ല.

ഹെൽപ് ലൈൻ

യുഎഇയിൽ ഓഫർ ലെറ്ററിന്റെ നിജസ്ഥിതി അറിയാൻ സ്ഥാനപതി കാര്യാലയത്തിന്റെ സഹായം തേടാം. സൈറ്റ്: help.abudhabi@mea.gov.in കേന്ദ്രസർക്കാരിന്റെ www.madad.gov.in റിക്രൂട്ടിങ് സൈറ്റിലും പരാതിപ്പെടാം.

പരാതിപ്പെടാൻ

∙ അബുദാബി/ദുബായ് പൊലീസ് ഫോൺ: 999 ടോൾഫ്രീ: 800 2626, എസ്എംഎസ്  2828, www.dubaipolice.gov.ae, www.adpolice.gov.ae/en/aman

∙ ഷാർജ പൊലീസ് ഫോൺ 06 5943228. ഇമെയിൽ: Tech_crimes@shjpolice.gov.ae

അവഗണിക്കരുത് മുന്നറിയിപ്പ്

മന്ത്രാലയങ്ങളുടെയും മറ്റും വ്യാജ സ്റ്റാംപും മുദ്രയും പതിച്ച് സമീപിക്കുന്നവരുടെ ചതിയിൽ വീഴരുതെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പു നൽകി. രേഖകളോ ഫോട്ടോയോ നൽകരുത്. വ്യാജ വാഗ്ദാനം അവഗണിക്കുക. പണം നൽകിയിട്ടുണ്ടെങ്കിൽ ഏറ്റവും അടുത്തുള്ള പൊലീസ് സ്റ്റേഷനിലെ സൈബർ ക്രൈം വിഭാഗത്തിൽ പരാതിപ്പെടണം.

അറിയണം, യുഎഇ നിയമം

യുഎഇ തൊഴിൽ നിയമം അനുസരിച്ച് വീസ ചെലവ് തൊഴിലുടമയാണ് വഹിക്കുക. ഇത് ഉദ്യോഗാർഥികളിൽനിന്ന് ഈടാക്കാറില്ല. സ്വന്തം സ്ഥാപനത്തിന്റെ തൊഴിൽ വീസ എടുക്കുന്നതിന് മറ്റു വ്യക്തികളെയോ സ്ഥാപനങ്ങളെയോ കമ്പനികൾ ചുമതലപ്പെടുത്താറില്ല.

തട്ടിപ്പിൽ വീഴാതിരിക്കാൻ പിബിഎസ്കെ ആപ്

ദുബായ് ∙ പ്രവാസികൾക്ക് ലഭിക്കുന്ന ജോലി വാഗ്ദാനങ്ങളുടെ നിജസ്ഥിതി ദുബായ് ഇന്ത്യൻ കോൺസുലേറ്റിന്റെ കീഴിലുള്ള പിബിഎസ്കെ (പ്രവാസി ഭാരത സഹായ കേന്ദ്രം)വഴി പരിശോധിക്കാമെന്ന് അധികൃതർ. ജോലി വാഗ്ദാന അറിയിപ്പ് പിഡിഎഫ് ഫോർമാറ്റിൽ പിബിഎസ്കെ ആപ്പിൽ അപ് ലോഡ് ചെയ്താൽ കോൺസുലേറ്റ് അധികൃതർ പരിശോധിച്ച് വിവരം അറിയിക്കും. ജനുവരി മുതൽ ഈ സേവനം നിലവിലുണ്ട്.

തൊഴിൽ തർക്കം,നിയമസഹായം, തൊഴിൽ സംബന്ധമായ മറ്റു വിഷയങ്ങൾ എന്നിവ പരിഹരിക്കാൻ പിബിഎസ്കെയിൽ സംവിധാനമുണ്ട്. സ്ത്രീ തൊഴിലാളികളുടെ ബുദ്ധിമുട്ടുകൾ, വിവാഹ സംബന്ധമായ പ്രശ്നങ്ങൾ, മരണ റജിസ്ട്രേഷൻ തുടങ്ങി വിവിധ സേവനങ്ങളും ആപ്പിലൂടെ ലഭ്യമാണ്. PBSK.dubai@mea.gov.in എന്ന ഇ-മെയിൽ വഴിയും ബന്ധപ്പെടാം.