ഗൂഗിൾ ക്ലൗഡ് സേവനങ്ങൾക്കായി കുവൈത്തിൽ പുതിയ ഡേറ്റാ സെന്റർ

kuwaitgoogle-01
SHARE

മധ്യപൂർവദേശത്തെ ഗൂഗിൾ ക്ലൗഡ് സേവനങ്ങൾക്കായി കുവൈത്തിൽ പുതിയ ഡേറ്റാ സെൻറർ തുറക്കാൻ തീരുമാനം. കുവൈത്ത് വാർത്താവിനിമയ മന്ത്രാലയവും ഗൂഗിൾ അധികൃതരുമായി ദീർഘനാളായി തുടരുന്ന ചർച്ചയിലാണ് തീരുമാനമായത്. മേഖലയിലെ ഐ.ടി ഹബ്ബായി കുവൈത്ത് മാറാനുള്ള സാധ്യതയാണ് തെളിയുന്നത്. 

കുവൈത്ത് വാർത്താവിനിമയ മന്ത്രാലയം അധികൃതരുമായി ഗൂഗിൾ അധികൃതർ കഴിഞ്ഞ വർഷങ്ങളായി നടത്തിയ ചർച്ചയ്ക്കൊടുവിലാണ് ഡേറ്റാ സെൻറർ നിർമിക്കാൻ തീരുമാനമായത്. ഇതിലൂടെ മേഖലയിലെ എല്ലാ രാജ്യങ്ങൾക്കും കുവൈത്തിലെ കേന്ദ്രം വഴിയായിരിക്കും ഗൂഗിൾ ക്ലൗഡ് സേവനങ്ങൾ നൽകുന്നത്. ഗൂഗിൾ മാനേജ്മെൻറ് ടൂളുകൾ, ഡേറ്റാ സംഭരണം, കംപ്യൂട്ടിങ്, ഡേറ്റാ അനലിറ്റിക്സ് തുടങ്ങിയ ക്ലൗഡ്  സേവനങ്ങളാണ് ഗൂഗിൾ നൽകുന്നത്. ഗൂഗിൾ ക്ലൗഡ് ബ്രാൻഡിനു കീഴിൽ 90ൽ അധികം ഉൽപ്പന്നങ്ങളും സേവനങ്ങളുമാണുള്ളത്. ഡേറ്റാ സെൻറർ തുറക്കുന്നതോടെ നിരവധി തൊഴിൽ അവസരങ്ങളുമുണ്ടാകുമെന്നാണ് പ്രതീക്ഷ. കുവൈത്തിലെ സർക്കാർ മേഖലകളിലുൾപ്പെടെ ഡിജിറ്റൽവൽക്കരണം നടപ്പാക്കുന്നതു വേഗത്തിലാക്കുന്നതിനും പുതിയ തീരുമാനം വഴിതെളിക്കും. 

ഉപഭോക്താക്കളുടെ ആവശ്യമനുസരിച്ച് ലോകത്തിൻറെ വിവധയിടങ്ങളിലായി ഡേറ്റാ സെൻററുകൾ സ്ഥാപിക്കുമെന്ന് ഗൂഗിൾ നേരത്തേ അറിയിച്ചിരുന്നു. അതനുസരിച്ചാണ് മേഖലയിൽ കുവൈത്തിനെ തിരഞ്ഞെടുത്തത്. നേരത്തേ ആഫ്രിക്ക, പശ്ചിമേഷ്യ എന്നിവിടങ്ങളിലെ ക്ലൗഡ് സേവനങ്ങൾക്കായി ആശ്രയിച്ചിരുന്നത് അയർലൻഡിലെ ഡേറ്റാ സെൻററിനെയായിരുന്നു. ഏറ്റവും സുരക്ഷിതവും പൊതുജനങ്ങൾക്ക് പ്രവേശനാനുമതിയുമില്ലാത്ത ഇടങ്ങളാണ് ഗൂഗിൾ ഡേറ്റാ സെൻററുകൾ.

MORE IN GULF
SHOW MORE
Loading...
Loading...