സമാധാനത്തിനായി ഒന്നിച്ച് നീങ്ങും; ഉറക്കെ പ്രഖ്യാപിച്ച് ബാഗ്ദാദ് ഉച്ചകോടി

baghdadsummit-29
SHARE

മധ്യപൂർവദേശത്തെ സമാധാനത്തിനായി ഒരുമിച്ചുനീങ്ങുമെന്ന പ്രഖ്യാപനവുമായി ബഗ്ദാദ് ഉച്ചകോടി. മധ്യപൂർവദേശത്തെ സുരക്ഷാപ്രശ്നങ്ങളും അസ്ഥിരതയും ചർച്ചചെയ്യാനാണ് ഗൾഫ്, അറബ് രാഷ്ട്രങ്ങൾ ഇറാഖിൽ ഉച്ചകോടിയിൽ പങ്കെടുത്തത്. അതേസമയം, അമേരിക്ക പിൻമാറിയാലും ഫ്രഞ്ച് സൈന്യം ഇറാഖിൽ തുടരുമെന്ന് ഉച്ചകോടിയിൽ പ്രത്യേക അതിഥിയായി പങ്കെടുത്ത ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവല്‍ മാക്രോൺ പറഞ്ഞു. 

മധ്യപൂർവദേശത്തെ രാജ്യങ്ങളുടെ സഹകരണവും പങ്കാളിത്തവും എന്ന ലക്ഷ്യത്തോടെയാണ് ഇറാഖ് തലസ്ഥാനനഗരിയിൽ ഉച്ചകോടി നടത്തിയത്. ഭീകരവാദം, സമുദ്രസുരക്ഷ, യെമനിലെ യുദ്ധം, ലബനൻ പ്രശ്നങ്ങൾ, അറബ് രാജ്യങ്ങൾക്കിടയിലെ ബുദ്ധിമുട്ടുകൾ തുടങ്ങിയവ ചർച്ചാവിഷയമായി. തീവ്രവാദത്തെ നേരിടാനുള്ള ഇറാഖിന്റെ ശ്രമങ്ങൾക്ക് സൗദി പിന്തുണ പ്രഖ്യാപിച്ചു. ഭീകരസേനകളുടെ കൈകളിലേക്ക് നിയമവിരുദ്ധമായി ആയുധങ്ങൾ എത്തപ്പെടാതിരിക്കാനുള്ള ഇറാഖിന്റെ നീക്കങ്ങളെ അഭിനന്ദിക്കുന്നതായി സൗദി വിദേശകാര്യമന്ത്രി ഫൈസൽ ബിൻ ഫർഹാൻ പറഞ്ഞു. ഉച്ചകോടി ചരിത്രപരമാണെന്ന് ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവല്‍ മാക്രോൺ വ്യക്തമാക്കി. 

ഉച്ചകോടിക്കിടെ, യുഎഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തുമും ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയും കൂടിക്കാഴ്ച നടത്തി. ഖത്തറിനെതിരെ ഉപരോധം ഏർപ്പെടുത്തി ഈ വർഷം ജനുവരിയിൽ അവസാനിപ്പിച്ച ശേഷം ആദ്യമായാണ് ഇരുവരും മാത്രമായി കാണുന്നത്. ഇരുരാജ്യങ്ങളുടേയും ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള വഴി ചർച്ചയായതായി യുഎഇ ഔദ്യോഗികവാർത്താഏജൻസി വ്യക്തമാക്കി. ഇറാൻ, തുർക്കി, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലെ ഭരണാധിപൻമാരും ഉച്ചകോടിയിൽ പങ്കെടുത്തു.

MORE IN GULF
SHOW MORE
Loading...
Loading...