ബുർജ് ഖലീഫയ്ക്ക് മുകളിൽ എമിറേറ്റ്‌സിന്‍റെ പരസ്യചിത്രീകരണം; വൈറൽ

ലോകത്തെ ഏറ്റവും ഉയരമേറിയ കെട്ടിടമായ ബുർജ് ഖലീഫയ്ക്ക് മുകളിൽ എമിറേറ്റ്സ് എയർലൈൻസിന്‍റെ പരസ്യചിത്രീകരണം. യാത്രാസർവീസുകൾ പുനരാരംഭിച്ചതിന്‍റെ ഭാഗമായി നടത്തിയ പരസ്യ ചിത്രീകരണം സമൂഹമാധ്യമങ്ങളിൽ വൈറലായി. സ്കൈ ഡൈവിങ് പരിശീലകയായ നിക്കോൾ സ്മിത് ലുഡ്വിക്കാണ് കാബിൻ ക്രൂ വേഷത്തിൽ അഭിനയിച്ചത്.

കോവിഡ് വ്യാപനം കാരണം നിർത്തിവച്ചിരുന്ന, ബ്രിട്ടനിലേക്കുള്ള വിമാനസർവീസ് പുനരാരംഭിച്ചതിൻറെ ഭാഗമായാണ് ലോകത്തിലെ ഏറ്റവും ഉയരമേറിയ മനുഷ്യനിർമിതിയിൽ എമിറേറ്റ്സ് പരസ്യം ചിത്രീകരിച്ചത്. ഫ്ളൈ എമിറേറ്റ്സ്, ഫ്ളൈ ബെറ്റർ എന്ന പ്ളക്കാർഡുകളുമേന്തിയാണ് കാബിൻ ക്രൂ വേഷത്തിൽ സ്കൈ ഡൈവിങ് പരിശീലകയായ നിക്കോൾ സ്മിത് ലുഡ്വിക്ക് അഭിനയിച്ചത്. 

പരസ്യചിത്രത്തിൽ അഭിനയിക്കാനായി എമിറേറ്റ്‌സ്, ജീവനക്കാർക്കിടയിൽ നിന്ന് അപേക്ഷ ക്ഷണിച്ചിരുന്നു. ചിലർ താത്പര്യം പ്രകടിപ്പിക്കുകയും ചെയ്തു. എന്നാൽ പ്രൊഫഷണൽ സ്‌കൈ ഡൈവിങ് ഇൻസ്ട്രക്ടറായ നിക്കോളാണ് ഒടുവിൽ സാഹസികമായ ആ വേഷമണിഞ്ഞത്.

സൂരോദ്യയത്തിന് തൊട്ടുമുൻപ്, ഒരു മണിക്കൂർ 15 മിനിറ്റ് സമയമെടുത്താണ് ഹെലികോപ്റ്ററിൽ നിക്കോളിനെ 828 മീറ്റർ നീളമേറിയ കെട്ടിടത്തിൻറെ മുകളിലെത്തിച്ചത്. ഹെലികോപ്റ്ററുകളുടെ സഹായത്തോടെയായിരുന്നു ചിത്രീകരണം. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും, ഹോളിവുഡ് താരം ടോം ക്രൂസ് തുടങ്ങിയവരും ബുർജ് ഖലീഫയുടെ ഏറ്റവും മുകളിൽ, ഇതിന് മുൻപ് കയറിയിട്ടുണ്ട്.