അബുദാബിയിൽ ഒരേ അറബിവീട്ടിൽ 40 വർഷം; അന്ത്രുവിന് ആഘോഷത്തോടെ യാത്രയയപ്പ്

abdul-rahman-uae
SHARE

അബുദാബി: ഒരു അറബി വീട്ടിൽ ഹൗസ് ഡ്രൈവറായി 40 വർഷം! കാസർകോടുകാരൻ അന്ത്രു എന്ന അബ്ദുൽ റഹ്മാൻ പറയുന്നു, ഇന്നലെ ജോലിയിൽ പ്രവേശിച്ച പ്രതീതിയാണ് തനിക്കെന്ന്. ഹൗസ് ഡ്രൈവറായല്ല, തങ്ങളുടെ കുടുംബത്തിലെ ഒരംഗമായിക്കരുതിയ പ്രിയപ്പെട്ട അബ്ദുൽ റഹ്മാന്റെ യാത്രയയപ്പ് കണ്ണീര്‍ പുരണ്ട സന്തോഷത്തോടെ വീട്ടുടമയും കുടുംബവും ആഘോഷിച്ചു. എല്ലാവരും ചേർന്നു കേക്ക് മുറിച്ചു. സമ്മാനങ്ങൾ കൈമാറി. സ്വന്തം കുടുംബത്തിൽ നിന്നു വിട്ടുപോകുമ്പോഴുള്ള ഹൃദയപിടച്ചിലാണ് അബ്ദുൽ റഹ്മാന്

കാസർകോട് മൊഗ്രാൽപുത്തൂർ പഞ്ചായത്തിലെ കാവുഗോളി ചൗക്കി കൽപന ഹൗസിലെ അബ്ദുൽ റഹ്മാൻ യുഎഇ രൂപീകൃതമായി അധികം വൈകാതെയാണ് യുഎഇയിലെത്തിയത്–1978ൽ 17–ാം വയസിൽ. കാര്യമായ വിദ്യാഭ്യാസത്തിന് അവസരം ലഭിക്കാത്തതിനാൽ ചെറുപ്പത്തിലേ അന്നത്തെ ബോംബെയിലേയ്ക്ക് ബസ് കയറി. അവിടെ നിന്നു കുവൈത്ത് എയർലൈൻസിൽ ദുബായിലേയ്ക്ക്. 1,350 രൂപയായിരുന്നു വിമാന ടിക്കറ്റ് നിരക്കെന്ന് ഇദ്ദേഹം ഒാർക്കുന്നു.

ദുബായിലെ ഒരു സ്വദേശി വീട്ടിലായിരുന്നു ആദ്യമായി ജോലിയിൽ പ്രവേശിച്ചത്. 1982 വരെ ഇവിടെ കൂടി. തുടര്‍ന്ന് ‍ഡ്രൈവിങ് ലൈസൻസ് കരസ്ഥമാക്കി തലസ്ഥാന നഗരിയായ അബുദാബിയിലെത്തി. അവിടെ സ്വദേശിയുടെ വീട്ടിൽ ഹൗസ് ഡ്രൈവറായി ഉപജീവനമാരംഭിച്ചു.

കുട്ടികളെ സ്കൂളിലേയ്ക്കു കൊണ്ടുപോവുകയും തിരിച്ചുകൊണ്ടുവരികയും കുടുംബാംഗങ്ങളെ ദുബായിലേയ്ക്കും മറ്റും കൊണ്ടുപോവുകയുമാണു പ്രധാന ജോലി. വളരെ പെട്ടെന്ന് തന്നെ എല്ലാവരുമായും അടുത്ത അബ്ദുൽ റഹ് മാൻ ഏവരുടെയും പ്രിയപ്പെട്ടയാളായി മാറാൻ അധികം നാൾ വേണ്ടിവന്നില്ല. കുടുംബത്തിലെ ഒരംഗത്തെപോലെയാണ് തന്നോട് ഇന്നുവരെ എല്ലാവരും പെരുമാറിയിട്ടുള്ളത് എന്ന് ഇദ്ദേഹം പറയുന്നു. എല്ലാവർക്കും സ്നേഹമായിരുന്നു. പ്രായത്തിന്റേതായ ബഹുമാനവും ലഭിച്ചു. അന്ന് തോളത്ത് എടത്തു നടന്ന പലരും ഇന്നു മുതിർന്നു വലിയ ഉദ്യോഗസ്ഥരായി. അന്നത്തെ അതേ സ്നേഹവും ആദരവും ഇപ്പോഴും ലഭിക്കുന്നു–അബ്ദുൽ റഹ്മാൻ പറയുന്നു

അബുദാബി അന്നൊരു മരുഭൂമിയായിരുന്നു. ഇന്നു കാണുന്ന പളപളപ്പോ കണ്ണഞ്ചിപ്പിക്കുന്ന കെട്ടിടങ്ങളോ അന്നില്ല. നല്ല തണുപ്പായിരുന്നു അന്ന്. നന്നായി മഴയും ലഭിച്ചിരുന്നു. മഴ പെയ്താല്‍ സ്വദേശികളുടെ ചെറിയ വീടുകളിലെല്ലാം വെള്ളം കയറും. മോട്ടോർ വച്ചായിരുന്നു ആ വെള്ളം കളഞ്ഞിരുന്നത്. ഒാർമകളിൽ തിരയിളക്കമുണ്ടെങ്കിലും തനിക്കൊരു മികച്ച ജീവിതം സമ്മാനിച്ച ഇൗ പോറ്റമ്മ നാടിനെ വിട്ടുപോകുന്നു എന്ന യാഥാർഥ്യം മനസ്സിനെ മഥിക്കുന്നു. പോകരുതേ എന്ന് കുട്ടികളടക്കം ജോലി ചെയ്യുന്ന സ്വദേശി വീട്ടിലെ എല്ലാവരും അഭ്യർഥിച്ചു. വീസ റദ്ദാക്കാതെ പോയി ആറ് മാസം നാട്ടിൽ കഴിഞ്ഞ് തിരിച്ചുവരാനായിരുന്നു തൊഴിലുടമയുടെ അഭ്യർഥന. 

പക്ഷേ, പാസ്പോർട് പ്രകാരം 64 വയസുള്ള അബ്ദുൽ റഹ്മാന് പിറന്ന നാട്ടിൽ കുറേക്കാലം ജീവിക്കണമെന്ന അതിയായ ആഗ്രഹം. മക്കളിൽ മൂത്ത മകൻ ദിൽഷാദ് അബുദാബിയിൽ ഫാർമസിസ്റ്റാണ്. രണ്ടാമത്തെയാൾ റിസ് വാൻ അഡ്നോക്കിൽ സൂപ്പർവൈസറും. ബാപ്പ ഇനിയെങ്കിലും തിരിച്ചുപോകൂ എന്നാണ് അവരുടെ സമ്മർദം. മകൾ അയിഷത്ത് അർഷാനയും റസിയയും വിവാഹിതരായി കുടുംബ ജീവിതം നയിക്കുന്നു. ഇളയ മകൻ മുഹമ്മദ് മിദ് ലാജ് പ്ലസ് ടു വിദ്യാർഥിനിയാണ്.

എല്ലാവർഷവും നാട്ടിലേയ്ക്ക് പോകുമായിരുന്നു. കൂടാതെ, ‌ഇടയ്ക്കിടെ ഭാര്യ ഖദീജയെയും കുടുംബത്തെയും യുഎഇയിലേയ്ക്ക് കൊണ്ടുവരികയും ചെയ്യും. അതിനാൽ പ്രിയപ്പെട്ടവരെ പിരിഞ്ഞിരിക്കുന്നു എന്ന തോന്നലുണ്ടായിട്ടേ ഇല്ല. അന്നത്തെ കാലത്തെ കാസർകോടിന്റെ അവികസിതാവസ്ഥയുടെ കയ്പുനീർ കുറേ കുടിച്ചയാളാണ് അബ്ദുൽ റഹ്മാൻ. മതിയായ വിദ്യാഭ്യാസത്തിനോ മറ്റോ അവസരം ലഭിച്ചില്ല. പക്ഷേ, ഇൗ പോറ്റമ്മനാട് നെഞ്ചോട് ചേർത്തുനിർത്തി. എല്ലാമെല്ലാം വാരിക്കോരി നൽകി. അതിന്റെ സംതൃപ്തിയോടെയാണ് മടക്കം. നാട്ടിൽ ചെന്ന് കുടുംബത്തോടൊപ്പം കുറേക്കാലം സ്വസ്ഥമായി കഴിയാനാണ് തീരുമാനം. ഫോൺ: +971 55 872 3867.

MORE IN GULF
SHOW MORE
Loading...
Loading...