സൗദിയിൽ നിന്ന് പ്രവാസികളുടെ പണമയക്കൽ കൂടി; 774 കോടിയുടെ വർധന; കാരണം ?

saudi-arabia-riyal
SHARE

റിയാദ്. കഴിഞ്ഞ അഞ്ചു മാസത്തിനിടെ സൗദിയിൽ നിന്ന് നാട്ടിലേയ്ക്ക് പ്രവാസികളുടെ പണമയക്കൽ കൂടിയതായി കണക്ക്. സൗദി സെൻട്രൽ ബാങ്കും (സമ) ജനറൽ അതോറിറ്റി ഓഫ് സ്റ്റാറ്റിസ്റ്റിക്‌സും പുറത്തുവിട്ട സ്ഥിതി വിവര കണക്ക് പ്രകാരം 2021 ൽ ആദ്യ അഞ്ചുമാസത്തെ കണക്ക് പ്രകാരം പ്രവാസികളുടെ പണമയക്കലിൽ  13.95 ശതമാനത്തിന്റെ വർധനയുണ്ടായതായി പറയുന്നു. കഴിഞ്ഞ വർഷം ഇതേ സമയത്തെ താരതമ്യം ചെയ്യുമ്പോൾ 774 കോടി റിയാലിന്റെ വർധനവാണ് രേഖപ്പെടുത്തുന്നത്. ഈ കാലത്ത് പ്രവാസികൾ ആകെ  അയച്ച പണം 6322 കോടി റിയാൽ ആണ്. കഴിഞ്ഞ വർഷം ഇത് 5548 കോടി ആയിരുന്നു. 2021 ലെ അഞ്ചു മാസത്തെ കണക്ക് അനുസരിച്ച് മാർച്ചിലാണ് ഏറ്റവു കൂടുതൽ റെമിറ്റൻസ് നടന്നത്.  അതായത്  2021 ആദ്യ അഞ്ചു മാസത്തെ ശരാശരി പ്രതിശീർഷ  പണമയക്കൽ 10,725 റിയാൽ ആണെന്ന് കണക്കാക്കുന്നു.  

2020 പൂർത്തിയായപ്പോൾ  പ്രവാസി പണമയക്കലിൽ 19.25 ശതമാനത്തിന്റെ വർധനവ് രേഖപ്പെടുത്തിയിരുന്നു. ഇത് സ്വകാര്യ മേഖലയുടെ മൊത്തം ആഭ്യന്തര ഉല്പാദനത്തിന്റെ 11.3 ശതമാനം വരുമെന്ന് അധികൃതർ പറഞ്ഞു. ഈ കാലത്ത് ആകെ അയക്കൽ  1.3 ട്രില്യൺ റിയാൽ കവിഞ്ഞു. അതായത്  തൊട്ടു മുമ്പുള്ള വർഷം പ്രവാസികളുടെ  രാജ്യത്ത് നിന്നുള്ള ശരാശരി പ്രതിശീർഷ  പണമയക്കൽ 19,124 റിയാൽ  ആയിരുന്നത് 2020 ൽ  23,910 റിയൽ ആയി ഉയർന്നു. 

2020 ലെ കണക്ക് അനുസരിച്ച് സ്വകാര്യ മേഖലയിൽ  സാമൂഹിക ഇൻഷുറൻസിൽ (ഗോസി) ചേർത്തത് 6,273,354 പ്രവാസികളും സർക്കാർ മേഖലയിൽ 49,599 പ്രവാസികളും ആണ് ഉള്ളത്. ഇതേ വർഷം ഇവരിൽ നിന്നുള്ള  മൊത്തം പണമയക്കൽ 149.69 ബില്യൺ റിയാൽ ആണ്. അതിനു മുമ്പുള്ള വർഷത്തിൽ ഇത് 125.53 ബില്യൺ റിയാൽ ആയിരുന്നു. അതായത് 2019 നേക്കാൾ  19.25 ശതമാനത്തിന്റെ വർധനവ് 2020 ൽ  രേഖപ്പെടുത്തുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു.

2021 ന്റെ ആദ്യ പാദത്തിൽ സാമൂഹിക ഇൻഷുറൻസിൽ (ഗോസി) ചേർത്തത് പ്രകാരം സൗദിയിൽ സ്വകര്യ വിപണിയിൽ  6,254,660  പ്രവാസി തൊഴിലാളികൾ ഉണ്ട്. കഴിഞ്ഞ അഞ്ചു വർഷം സ്വകാര്യ മേഖലയിലെ പണമയക്കലിൽ നിന്ന് മൊത്തം അഭ്യന്തര ഉല്പാദനത്തിലേക്ക് വന്നത് 9.4 ശതമാനത്തിനും 11.7 ശതമാനത്തിലും ഇടയിലാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 

MORE IN GULF
SHOW MORE
Loading...
Loading...