ഗൾഫിൽ ബലിപെരുന്നാൾ; കോവിഡ് നിയന്ത്രണങ്ങളോടെ ആഘോഷം

ബലിപെരുന്നാൾ സ്മരണയിൽ ഗൾഫ് നാടുകൾ. കോവിഡ് നിയന്ത്രണങ്ങളോടെ പള്ളികളിലും ഈദ് ഗാഹുകളിലും പെരുന്നാൾ നമസ്കാരമുണ്ടാകും. ഹജ് തീർഥാടകർ ജംറയിൽ കല്ലേറ് കർമം നിർവഹിച്ചശേഷം പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമാകും.

കോവിഡ് കാലത്തെ രണ്ടാമത്തെ ബലിപെരുന്നാളിൻറെ ഭാഗമാവുകയാണ് ഗൾഫിലെ പ്രവാസിമലയാളികളടക്കം വിശ്വാസികൾ. ഒമാൻ ഒഴികെ അഞ്ചുഗൾഫ് രാജ്യങ്ങളിലും പള്ളികളിലും ഈദ് ഗാഹുകളിലുമായി പെരുന്നാൾ നമസ്കാരമുണ്ടാകും. ഒമാനിൽ സമ്പൂർണലോക്ഡൌൺ ഏർപ്പെടുത്തിയിരിക്കുന്നതിനാൽ താമസയിടങ്ങളിലായിരിക്കും പ്രാർഥനകൾ നിർവഹിക്കുന്നത്. പെരുന്നാൾ നമസ്കാരവും പ്രഭാഷണവുമടക്കം നിർവഹിക്കുന്നതിന് 15 മിനിട്ട് സമയമാണ് യുഎഇയിൽ അനുവദിച്ചിരിക്കുന്നത്.

വിശ്വാസികൾ സാമൂഹികഅകലം ഉറപ്പുവരുത്തിയായിരിക്കും പ്രാർഥനകളുടെ ഭാഗമാകുന്നത്. അതേസമയം, ഹജ് തീർഥാടകർ പുലർച്ചെയോടെ മുസ്ദലിഫയിൽ നിന്നും മിനായിലെത്തി. ഇന്ന് ജംറയിൽ സാത്താൻറെ പ്രതിരൂപത്തിൽ കല്ലെറിയൽ കർമം നിർവഹിക്കും. തുടർന്ന് ബലിയർപ്പണവും തലമുണ്ഡനവും ചെയ്ത ശേഷം പെരുന്നാൾ നമസ്കാരത്തിൽ പങ്കെടുക്കും. കോവിഡ് മാനദണ്ഡങ്ങൾ ഉറപ്പാക്കിയാണ് വിശ്വാസികൾ കർമങ്ങളുടെ ഭാഗമാകുന്നത്.