നിയന്ത്രണങ്ങളോടെ ഹജ് തീർഥാടനം; അനുമതി 60,000 പേർക്കു മാത്രം

hajjwb
SHARE

കോവിഡിൻറെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങളോടെ ഹജ് തീർഥാടനത്തിനൊരുങ്ങി സൗദി അറേബ്യ. ശനിയാഴ്ച മുതൽ തീർഥാടകരെ മക്കയിൽ എത്തിച്ചുതുടങ്ങും.  സൗദിയിൽ താമസിക്കുന്ന വിവിധരാജ്യക്കാരായ 60,000 പേർക്കുമാത്രമാണ് ഇത്തവണ ഹജ്ജിന് അ നുമതി. മഹാമാരിയുടെ പശ്ചാത്തലത്തിൽ തുടർച്ചയായ രണ്ടാം വർഷവും നിയന്ത്രണങ്ങളോടെയാണ് ഹജ് തീർഥാടനം. തീർഥാടകരെ 17, 18 തീയതികളിൽ 4 കേന്ദ്രങ്ങളിലായി സ്വീകരിച്ച് ബസുകളിൽ മക്കയിൽ എത്തിക്കുമെന്ന് ഹജ് ഉംറ മന്ത്രാലയം അറിയിച്ചു. ഇതിനായി1,700 ബസുകളാണ് ഒരുക്കിയിരിക്കുന്നത്. തുടർന്ന് കഅ്ബാ പ്രദക്ഷിണശേഷം 18നു ഹജ് കർമങ്ങൾക്കായി തമ്പുകളുടെ നഗരമായ മിനായിലേക്ക് പോകും. മിനായിൽ രാത്രി തങ്ങിയ ശേഷം 19ന് പുലർച്ചെ അറഫാ സംഗമത്തിനായി അറഫയിലേക്ക് നീങ്ങും. സാമൂഹിക അകലം പാലിച്ചും മാസ്ക് ധരിച്ചുമായിരിക്കും വിശ്വാസികൾ ഹജ്ജിൻറെ ഭാഗമാകുന്നത്. സൗദിയിൽ താമസിക്കുന്ന ഇന്ത്യയടക്കം 150 രാജ്യങ്ങളിൽനിന്നുള്ള 60,000 പേർക്കാണ് ഇത്തവണ ഹജ്ജിന് അനുമതി. 5,58,270 അപേക്ഷകരിൽ നിന്നാണ് ഇത്രയും പേരെ തിരഞ്ഞെടുത്തതെന്ന് ഹജ്,ഉംറ സഹമന്ത്രി  അബ്ദുൽഫത്താഹ് ബിൻ സുലൈമാൻ ‍മഷാത് പറഞ്ഞു.

വാക്സീൻ സ്വീകരിച്ചവരേയും മുൻപ് ഹജ് നടത്തിയിട്ടില്ലാത്തവരേയും ഉൾപ്പെടുത്തിയാണ് അന്തിമ പട്ടിക തയ്യാറാക്കിയത്. അതേസമയം, റെഡ്ക്രസൻറിൻറെ നേതൃത്വത്തിൽ ഹജ്ജ് തീർഥാടകരെ സ്വീകരിക്കാനുള്ള ഒരുക്കങ്ങളും അന്തിമഘട്ടത്തിലാണ്. മിന, മുസ്ദലിഫ, അറഫ എന്നിവിടങ്ങളിലായി 51 ആംബുലൻസ് കേന്ദ്രങ്ങളുണ്ടാകും. തീർഥാടകരെത്തുന്ന എല്ലായിടങ്ങളും അണുവിമുക്തമാക്കിയും ആരോഗ്യസുരക്ഷാമാനദണ്ഡങ്ങൾ പൂർണമായും ഉറപ്പാക്കിയുമായിരിക്കും ഇത്തവണത്തെ ഹജ് തീർഥാടനെന്ന് മന്ത്രാലയം വ്യക്തമാക്കി.

MORE IN GULF
SHOW MORE
Loading...
Loading...