യാത്രാമധ്യേ നെഞ്ചുവേദന; പിതാവിന്റെ മടിയിൽ അന്ത്യം; കണ്ണീരോടെ പ്രവാസലോകം

ജീവിതം പച്ച പിടിപ്പിക്കാൻ മണരലാരണ്യങ്ങളിലേക്കു ചേക്കേറുന്നവർ, പാതി വഴിയിൽ സ്വപ്നങ്ങൾ ബാക്കിയാക്കി ഈ ഭൂമിയിൽ നിന്നും വിടവാങ്ങേണ്ടി വരുന്നത് എന്തു മാത്രം വേദനാജനകമാണ്. വർഷങ്ങളോളം മരുഭൂമിയിൽ കഷ്ടപ്പെടുമ്പോഴും മനസിനു കരുത്താകുന്നത് പ്രിയപ്പെട്ടവരുടെ മുഖമായിരിക്കും. എല്ലാം അവസാനിപ്പിച്ച് പിറന്ന മണ്ണിലേക്ക് മടങ്ങാൻ കൊതിക്കാത്തവരില്ല. എന്നാൽ വിധി കാത്തു വച്ചത് മറ്റൊന്നായിരിക്കും. 

അകാലത്തിൽ പൊലിഞ്ഞു പോയ 7 പ്രവാസികളെ കുറിച്ച് കണ്ണീരോടെ കുറിക്കുകയാണ് സാമൂഹ്യപ്രവർത്തകനായ അഷ്റഫ് താമരശ്ശേരി. എയർപോർട്ടിൽ ജോലി ചെയ്യുന്ന പിതാവിനെ കൊണ്ട് വിടാൻ പോകവേ മരണപ്പെട്ട റോബിനെന്ന ചെറുപ്പക്കാരന്റെ വിയോഗമാണ് കൂട്ടത്തിൽ ഏറ്റവും വേദനയാകുന്നത്. ഫെയ്സ്ബുക്കിലൂടെയാണ് സങ്കടവാർത്തകൾ അഷ്റഫ് പങ്കുവച്ചത്

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:

ഇന്ന്  മലയാളികളായ 7 സഹോദരങ്ങളുടെ  മൃതദേഹങ്ങളാണ് നടപടിക്രമങ്ങൾ പൂർത്തീകരിച്ചു നാട്ടിലേക്ക് അയച്ചത്‌. ഇതിൽ ഏറെ സങ്കടം തോന്നിയ വിഷയം അടൂർ  സ്വദേശി റോബിന്റെ വിയോഗമാണ്. എയർപോർട്ടിൽ ജോലി ചെയ്യുന്ന പിതാവിനെ കൊണ്ട് വിടാൻ പോയതായിരുന്നു ഇരുപത്തിയൊന്ന് കാരനായ ഈ യുവാവ്. യാത്രാ വഴിയിൽ റോബിന് നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു. ഉടനെ വാഹനം വഴിയരികിൽ ഒതുക്കി നിർത്തിയെങ്കിലും പിതാവിന്റെ മടിയിൽ കിടന്ന് ഈ മകൻ അന്ത്യശ്വാസം വലിക്കുകയായിരുന്നു.  

ഈ വിഷയം കേട്ടത് മുതൽ മനസ്സ് വല്ലാതെ നൊമ്പരപ്പെടുകയാണ്. അച്ഛന് കൈത്താങ്ങാകേണ്ടിയിരുന്ന മകനാണ് നഷ്ടപ്പെട്ടത്. അതും സ്വന്തം മടിയിൽ വെച്ച്. ഒരു പിതാവിന് ഇതെങ്ങനെ സഹിക്കാനാകും എന്ന് ആശങ്കപ്പെടുകയാണ്  അതേ പ്രായത്തിലൊരു മകനുള്ള ഞാനും. എന്തൊക്കെ തന്നെയായാലും വിധിക്ക് മുന്നിൽ നാം വെറും നിസ്സഹായർ മാത്രം. മരണപ്പെട്ട എല്ലാവരുടെയും കുടുംബങ്ങൾക്കും ഉറ്റവർക്കും ക്ഷമയും സഹനവും നൽകി ദൈവം അനുഗ്രഹിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു