അബുദാബിയിൽ ഞണ്ടിനെ പിടിക്കാന്‍ പോയി; മലയാളികൾക്ക് ഒരു ലക്ഷം പിഴ

dubai-fishing.jpg.image.845.440
SHARE

അബുദാബിയിൽ നിരോധിത സ്ഥലത്ത് ഞണ്ടിനെ പിടിക്കാൻ പോയി പൊലീസിന്റെ വലയിലായി മലയാളികൾ. തടവും പിഴയുമാണ് ശിക്ഷ. കഴിഞ്ഞ ദിവസം അബുദാബിയിൽ ഞണ്ടിനെ പിടിക്കാൻ പോയി ജയിലിലായ 3 മലയാളികൾക്ക് 5000 ദിർഹം (1 ലക്ഷം രൂപ) വീതം പിഴയാണ് കോടതി വിധിച്ചത്. ആലപ്പുഴ, തൃശൂർ, കണ്ണൂർ സ്വദേശികൾക്കെതിരെയാണു നടപടി.

അവധി ദിവസം കൂട്ടുകാരൊന്നിച്ച് രാത്രി നഗരത്തിനടുത്തുള്ള കടൽത്തീരത്തു ഞണ്ട് പിടിക്കാൻ പോയതായിരുന്നു മൂവർ സംഘം. ചൂണ്ടയും ഉപകരണങ്ങളും ഇല്ലാതെയാണ് കടലിലിറങ്ങിയത്. അതിനിടെ, സുരക്ഷാ ഉദ്യോഗസ്ഥരെത്തി മൂന്നു പേരെയും പിടികൂടി. ചെയ്ത തെറ്റ് എന്തെന്നറിയാതെ കുഴങ്ങിയ ഇവരോട് മുന്നറിയിപ്പു ബോർഡ് കണ്ടില്ലായിരുന്നോ എന്നാരാഞ്ഞു. രാത്രിയായതിനാൽ ശ്രദ്ധിച്ചില്ല എന്നായിരുന്നു മറുപടി. അതീവ സുരക്ഷാ മേഖലയാണെന്നും ഫോട്ടോ എടുക്കാനോ കടലിൽ ഇറങ്ങാനോ മീൻ പിടിക്കാനോ പാടില്ലെന്നും പറഞ്ഞ് സ്റ്റേഷനിലെത്തിച്ച ഇവരെ കേസ് റജിസ്റ്റർ ചെയ്ത് പുലർച്ചയോടെ അൽവത്ബ ജയിലിലേക്കു മാറ്റി. കേസ് പരിഗണിച്ച കോടതി അവരവരുടെ പാസ്പോർട്ട് വച്ച് ജാമ്യത്തിൽവിട്ടു. നിയമലംഘനത്തിന് 5000 ദിർഹം വീതം പിഴ ചുമത്തി. അശ്രദ്ധയ്ക്കു കൊടുക്കേണ്ടി വന്നത് ഒരു ലക്ഷം രൂപ.

നേരംപോക്കിനായി (റിക്രിയേഷനൽ ഫിഷിങ്) മീൻ പിടിക്കുന്നതിനും യുഎഇയിൽ വടക്കൻ എമിറേറ്റുകളിൽ ഒഴികെ ലൈസൻസ് എടുക്കണം. 100 ദിർഹമാണു ഫീസ്. അബുദാബിയിൽ പരിസ്ഥിതി ഏജൻസിയിലും ദുബായിലും ഷാർജയിലും നഗരസഭകളിലുമാണ് ലൈസൻസിനു അപേക്ഷിക്കേണ്ടത്. ഇപ്പോൾ ഓൺലൈനിലും അപേക്ഷിക്കാം. താമസരേഖ, വീസ പകർപ്പ്, എമിറേറ്റ്സ് ഐഡി എന്നിവ സഹിതം ഫീസ് അടച്ചാൽ ലൈസൻസ് ലഭിക്കും. ഇനി ലൈസൻസ് കിട്ടിയാലും തോന്നിയ പോലെ മീൻപിടിക്കാൻ പറ്റില്ല. അനുവദനീയ മേഖലകളിലല്ലാതെ ചൂണ്ടയിട്ടാൽ നടപടിയെടുക്കും. 

MORE IN GULF
SHOW MORE
Loading...
Loading...