ഹരിത ഹൈഡ്രജൻ പദ്ധതിക്ക് തുടക്കം; പ്രവർത്തനം സോളാർ പാർക്കിൽ

dubai
SHARE

ദുബായിൽ സൗരോർജത്തിനു പിന്നാലെ ഊർജരംഗത്തെ മുന്നേറ്റത്തിനായി ഹരിത ഹൈഡ്രജൻ ഉൽപാദിപ്പിക്കുന്ന പദ്ധതിക്ക് തുടക്കം. സൗരോർജത്തിൽ നിന്നു ഹൈഡ്രജൻ ഉൽപാദിപ്പിക്കുന്ന പദ്ധതി മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സോളർ പാർക്കിൽ പ്രവർത്തനമാരംഭിച്ചു. മേഖലയിലെ ഇത്തരത്തിലുള്ള ആദ്യത്തെ പദ്ധതിയാണിത്.

പാരിസ്ഥിതിക പ്രശ്നങ്ങളില്ലാതെ ഹൈഡ്രജൻ കുറഞ്ഞ ചെലവിൽ ഉൽപാദിപ്പിക്കാനും സംഭരിക്കാനും സുരക്ഷിതമായി ഉപയോഗിക്കാനും കഴിയുന്ന പദ്ധതിക്കാണ് ദുബായിൽ തുടക്കമിട്ടത്. ഹൈഡ്രജൻ ഇന്ധനമാക്കുന്നതോടെ ഗതാഗത, വ്യാവസായിക രംഗത്ത് വൻ കുതിപ്പിന്  വഴിയൊരുങ്ങുമെന്ന്  പദ്ധതി ഉദ്ഘാടനം ചെയ്ത ദുബായ് സുപ്രീം കൗൺസിൽ ഓഫ് എനർജി ചെയർമാൻ ഷെയ്ഖ് അഹമ്മദ് ബിൻ സഈദ് അൽ മക്തൂം പറഞ്ഞു. ഘട്ടംഘട്ടമായി ഉൽപ്പാദനം വർധിപ്പിക്കും. 2050ഓടെ ദുബായ് ഉപയോഗിക്കുന്ന ഊർജത്തിന്റെ 75 ശതമാനവും സംശുദ്ധഊർജപദ്ധതികളിൽ നിന്നാകുമെന്നും ഷെയ്ഖ് അഹമ്മദ് വ്യക്തമാക്കി. ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി, എക്സ്പോ 2020, സീമെൻസ് എനർജി എന്നിവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഹൈഡ്രജൻ ഇന്ധനമാക്കിയ കാറുകൾ ഒരുതവണ ചാർജ് ചെയ്താൽ 200 കിലോമീറ്ററിലേറെ ഉപയോഗിക്കാനാകും.

കാർബൺ ബഹിർഗമനമില്ലാത്ത ഹൈഡ്രജൻ ഇന്ധനസെല്ലുകൾ ഉപയോഗിച്ചു പ്രവർത്തിക്കുന്ന വാഹനം വെള്ളവും നീരാവിയും മാത്രമാണ് പുറന്തള്ളുന്നത്. ശബ്ദം കുറവായിരിക്കും. ഒക്ടോബർ ഒന്നിനു തുടങ്ങുന്ന ദുബായ് രാജ്യാന്തര എക്സ്പോയിൽ ഹൈഡ്രജൻ വാഹനങ്ങളെ ഉപയോഗപ്പെടുത്തുന്നത് പരിഗണനയിലാണ്. ഒപെകിലെ മൂന്നാമത്തെ വലിയ എണ്ണ ഉത്പാദകരായ യുഎഇ ഹൈഡ്രജൻ കയറ്റുമതികൂടി ലക്ഷ്യമിടുന്നതായി നേരത്തേ അറിയിച്ചിരുന്നു.

MORE IN GULF
SHOW MORE
Loading...
Loading...