യുദ്ധക്കപ്പലുകളിൽ കാരുണ്യം നിറച്ച് ഇന്ത്യയിലേക്ക് അയച്ച് കുവൈത്ത്; കരുതൽ

കുവൈത്തിന്റെ കടലോളങ്ങൾ മുറിച്ച് 2 യുദ്ധക്കപ്പലുകൾ ഇന്ത്യയിലേക്ക് പ്രയാണം തുടങ്ങി. അവയിൽ പക്ഷെ, യുദ്ധോപകരണങ്ങൾ അല്ല, ചികിത്സാ ഉപകരണങ്ങളാണ്. പ്രാണവായു ലഭിക്കാതെ മരിച്ചുവീഴുന്നവരെ ലക്ഷ്യമിട്ട് ഓക്സിജൻ സിലിണ്ടറുകൾ ഉൾപ്പെടെയുണ്ട് അവയിൽ.

ഇന്ത്യയിൽ നിന്നെത്തിയ ഐ‌എൻ‌എസ് താബർ, ഐ‌എൻ‌എസ് കൊച്ചി എന്നീ കപ്പലുകളിലാണ് ചികിത്സാ ഉപകരണങ്ങൾ കയറ്റി കുവൈത്ത് യാത്രയാക്കിയത്. ഐ‌എൻ‌എസ് താബറിൽ 40 മെട്രിക് ടൺ ലിക്വിഡ് മെഡിക്കൽ ഓക്സിജനും 600 ഓക്സിജൻ സിലിണ്ടറുകളും ഉണ്ട്. 60 മെട്രിക് ടൺ ലിക്വിഡ് മെഡിക്കൽ ഓക്സിജനും 800 ഓക്സിജൻ സിലിണ്ടറുകളും 2 ഓക്സിജൻ കൺ‌സൻ‌ട്രേറ്ററുകളുമാണ് ഐ‌എൻ‌എസ് കൊച്ചിയിലുള്ളത്.

റെഡ് ക്രസന്റ് സൊസൈറ്റിയുടെ നേതൃത്വത്തിലാണു കുവൈത്ത് സഹായം എത്തിക്കുന്നത്. ഇന്ത്യയിൽ പ്രാണവായു ലഭിക്കാതെ ആളുകൾ മരിക്കുന്ന അവസ്ഥയിൽ സഹായവാഗ്ദാനവുമായി മുന്നോട്ടുവന്ന ആദ്യരാജ്യങ്ങളിൽ കുവൈത്തുമുണ്ടായിരുന്നു. ആദ്യ ഗഡുവായി ഏതാനും ഓക്സിജൻ സിലിണ്ടറുകൾ ഉൾപ്പെടെ വിമാനമാർഗം ഡൽഹിയിൽ എത്തിച്ചിരുന്നു. ഇന്ത്യയിലേക്കുള്ള വസ്തുക്കൾ കയറ്റി അയക്കുന്നതിനുള്ള ക്രമീകരണങ്ങൾ വിലയിരുത്താൻ കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രി ഡോ.അബ്ദുല്ല ഈസ അൽ സൽമാൻ, ഇന്ത്യൻ സ്ഥാനപതി സിബി ജോർജ് എന്നിവർ ഷുഐബ തുറമുഖത്ത് എത്തിയിരുന്നു.