പ്രവാസലോകത്തെ അപൂർവകാഴ്ചകൾ; ഫ്രെയിമിലാക്കി മലയാളി; തേടി നേട്ടങ്ങളും

gulf-phot
SHARE

പ്രവാസലോകത്തെ ജോലിത്തിരക്കിനിടയിൽ നാം പലപ്പോഴും കാണാതെ പോകുന്ന പ്രകൃതിയേയും പ്രകൃതിയിലെ ജീവജാലങ്ങളേയുമൊക്കെ ക്യാമറയിലൂടെ നമുക്ക് കാണിച്ചുതരുകയാണ് അബുദാബിയിലെ പ്രവാസി മലയാളിയായ നസീർ പാങ്ങോട്. രാജ്യാന്തരമാധ്യമങ്ങളിൽ വരെ ഇടം നേടിയ നസീറിൻറെ ക്യാമറക്കണ്ണുകളെയാണ് ഇനി പരിചയപ്പെടുന്നത്. 

പ്രവാസഭൂമിയിലെ മണലാഴികളും, മലകളും, താഴ്വാരങ്ങളുമൊക്കെ താണ്ടി പ്രകൃതി ഒരുക്കിയിരിക്കുന്ന അപൂർവ്വ കാണാക്കാഴ്ചകളെ ക്യാമറയിലൂടെ ഒപ്പിയെടുക്കുകയാണ് തിരുവനന്തപുരം സ്വദേശി  നസീർ പാങ്ങോട്. കാടിൻറെ വന്യതകളിലൂടെ കടന്ന് പരിചിതമല്ലാത്ത ജീവജാലങ്ങളുടെ ചിത്രങ്ങൾ ഫ്രെയ്മുകളിൽ പകർത്തുകയാണ് ഈ പ്രവാസിമലയാളി. നസീർ ആരിൽ നിന്നും പഠിച്ചതല്ല ഫോട്ടോഗ്രഫി. പക്ഷേ, പഠിച്ചെടുത്തതാണ്. മൃഗങ്ങളും പക്ഷികളുമുൾപ്പെടുന്ന ജന്തുജാലങ്ങളെ തേടി ക്യാമറയും ചുമലിലേറ്റിയുള്ള സാഹസിക യാത്രകൾ നസീറിൻറെ ജീവിതരീതിയായി മാറിയിരിക്കുന്നു.

നാഷണൽ ജ്യോഗ്രഫി ഉൾപ്പടെയുള്ള രാജ്യാന്തര മാധ്യമങ്ങളിൽ നസീറിൻറെ വൈൽഡ് ലൈഫ് ഫോട്ടോഗ്രഫി ഇടം നേടിയിട്ടുണ്ട്. മരുഭൂമിയുടെ വിജനതയിലൂടെ കടന്ന് ഒറ്റപ്പെട്ട കാടുകളിലും താഴ്വാരങ്ങളിലുമൊക്കെയെത്തിയാണ് നസീർ ചിത്രങ്ങൾ പകർത്തുന്നത്. അറേബ്യയൻ ചെന്നായ് ,ഓറിക്സുകൾ, പലതരം മാനുകൾ, അറേബ്യൻ റെഡ് ഫോക്സുകൾ, ഫാൽക്കണുകൾ  തുടങ്ങി അപൂർവുമായ പക്ഷിമൃഗാദികളുടെ ഒട്ടേറെ ചിത്രങ്ങൾ നസീർ ഒപ്പിയെടുത്തിട്ടുണ്ട്.അബുദാബിയിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന നസീറിൻറെ വാരാന്ത്യങ്ങളിലെ യാത്രകൾ മണലാരിണ്യങ്ങളിലേക്കും കണ്ടൽ കാടുകളിലേക്കുമാണ്. പ്രകൃതിയുടെ മനോഹാരിതയും അപൂർവതയും ഒപ്പിയെടുക്കാൻ കാത്തിരിക്കുകയാണ് ഓരോ ഫ്രെയിമുകളും.

മലീഹ മണൽക്കാടുകൾ,  ലിവ, അബുദാബി കണ്ടൽ കാടുകൾ തുടങ്ങി യുഎഇയിലെ എല്ലാ എമിറേറ്റുകളിലും യാത്രചെയ്യാറുള്ള നസീർ നാട്ടിൽ അവധിക്ക് പോകുമ്പോൾ കേരളത്തിലെ കാടുകളിലേക്കാണ് അധികസമയവും യാത്രചെയ്യുന്നത്. ഗൾഫിലെ മറ്റുരാജ്യങ്ങളിലും യാത്ര ചെയ്ത് ഫോട്ടോയെടുത്തിട്ടുള്ള നസീർ ചിത്രകാരൻകൂടിയാണ്. 14 വർഷത്തോളമായി പ്രവാസലോകത്തുള്ള നസീർ കാടിൻറെ വിളികാത്താണ് ഓരോ വാരാന്ത്യത്തിലേക്കും കടക്കുന്നത്. പ്രകൃതിയെ നോവിക്കാതെ പ്രകൃതിയെ പകർത്തുകയെന്നതാണ് രീതി. അതിനാലാകണം ക്യാമറക്കണ്ണുകൾക്ക് അപൂർവതകൾ സമ്മാനിച്ചാണ് ഓരോ യാത്രയിലും പ്രകൃതി നസീറിനെ സ്വീകരിക്കുന്നത്.

MORE IN GULF
SHOW MORE
Loading...
Loading...