ഇന്ത്യൻ യാത്രക്കാരുടെ പ്രവേശന വിലക്ക് അനിശ്ചിത കാലത്തേക്ക് നീട്ടി യുഎഇയും ഒമാനും

uae-oman-travel-ban
SHARE

ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് നേരിട്ട് പ്രവേശിക്കുന്നതിന് യുഎഇയും ഒമാനും ഏർപ്പെടുത്തിയ വിലക്ക് അനിശ്ചിതകാലത്തേക്ക് നീട്ടി.  ഇന്ത്യയിലെ കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിലാണ് തീരുമാനം. അതേസമയം, ഇരുരാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്കുള്ള വിമാനസർവീസ് തുടരും.

ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ ഇന്ത്യയിൽ നിന്നുള്ളവർക്ക് നേരിട്ട് യുഎഇയിലേക്ക് പ്രവേശിക്കാനാകില്ലെന്ന് യുഎഇ വ്യോമയാന അതോറിറ്റി അറിയിച്ചു. ഇന്ത്യയിലെ കോവിഡ് വ്യാപനം രൂക്ഷമായതോടെ കഴിഞ്ഞ മാസം 25നാണ് യുഎഇ ഇന്ത്യക്കാർക്ക് പ്രവേശനവിലക്കേർപ്പെടുത്തിയത്.  ആദ്യം 10 ദിവസത്തേക്കായിരുന്നു വിലക്ക് പ്രഖ്യാപിച്ചതെങ്കിലും പിന്നീട് നീട്ടുകയായിരുന്നു. ഇതേ നിലപാട് തന്നെയാണ് ഒമാനും സ്വീകരിച്ചിരിക്കുന്നത്. കഴിഞ്ഞമാസം 24 മുതൽ ഇന്ത്യ, പാക്കിസ്ഥാൻ ഉൾപ്പെടെ 14 രാജ്യങ്ങളിൽ നിന്ന് ഒമാനിലേക്ക് നേരിട്ട് പ്രവേശിക്കുന്നതിനേർപ്പെടുത്തിയ വിലക്ക് അനിശ്ചിതകാലത്തേക്ക് നീട്ടിയതായി സുപ്രീം കമ്മിറ്റി വ്യക്തമാക്കി.

ഒമാൻ പൗരൻമാർ, നയതന്ത്ര ഉദ്യോഗസ്ഥർ, ആരോഗ്യപ്രവർത്തകർ അവരുടെ കുടുംബാംഗങ്ങൾ എന്നിവർക്ക് വിലക്ക് ബാധകമല്ല. ഇന്ത്യയിൽ നിന്ന് നേരിട്ടും 14 ദിവസത്തിനിടയിൽ ഇന്ത്യയിൽ താമസിച്ചവർക്കും ഒമാനിലേക്കും യുഎഇയിലേക്കും  പ്രവേശിക്കാനാകില്ല. ഗൾഫിൽ സൗദിഅറേബ്യ, കുവൈത്ത് എന്നീ രാജ്യങ്ങളിലും ഇന്ത്യക്കാർക്ക് നേരിട്ട് പ്രവേശിക്കുന്നതിന് വിലക്ക് തുടരുകയാണ്. ബഹ്റൈൻ, ഖത്തർ എന്നിവിടങ്ങളിലേക്ക് മാത്രമാണ് ഇന്ത്യക്കാർക്ക് നേരിട്ട് പ്രവേശിക്കാനാകുന്നത്. ജോലി തേടിയും സന്ദർശകവീസയിലുമായി ടിക്കറ്റെടുത്ത് കാത്തിരിക്കുന്ന മലയാളികളടക്കം ഇന്ത്യക്കാർക്ക് തിരിച്ചടിയാണ് തീരുമാനം. യുഎഇ വിലക്കേർപ്പെടുത്തിയിട്ടില്ലാത്ത രാജ്യങ്ങളിൽ 14 ദിവസം താമസിച്ചശേഷം യുഎഇയിലേക്ക് പോകുകയെന്നതാണ് നിലവിലെ ഏകസാധ്യത. അതേസമയം, യുഎഇ, ഒമാൻ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് വരുന്നതിന് വിലക്കുണ്ടാകില്ല. 

MORE IN GULF
SHOW MORE
Loading...
Loading...