'ഒരു വാഹനം നന്നാക്കി തരുമോ'..; ഹുദയെ അഭിനന്ദിച്ച് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ

വാഹനങ്ങള്‍ ഏതുമാകട്ടെ ദുബായ്ക്കാർക്ക് ഹുദയുണ്ട് നന്നാക്കാൻ. കുട്ടിക്കാലം മുതൽ വാഹനങ്ങളോടുള്ള കമ്പം മനസിൽ ഒളിപ്പിച്ചാണ് ഹുദ വളർന്നത്. ഹൃദയം പറയുന്നത് കേട്ടപ്പോൾ ഹുദ സ്വന്തമായൊരു വർക്​ ഷോപ് ദുബായിൽ തുടങ്ങി. പുരുഷൻമാർ നിറഞ്ഞ് നിൽക്കുന്ന ഫീൽഡാണെന്ന പറച്ചിലുകളൊന്നും ഹുദയെ ഒരിക്കലും പിന്തിരിപ്പിച്ചില്ല. 

ചെറുതും വലുതുമായ എല്ലാ വാഹനങ്ങളും ഹുദ അൽ മത്രൂഷിയുടെ കൈകളിൽ സുരക്ഷിതമായി. വനിതാ മെക്കാനിക്കിനെ കുറിച്ച് കേട്ടറിഞ്ഞ അബുദാബി കിരീടാവകാശി ഹുദയെ ഫോണിൽ വിളിച്ച് സർപ്രൈസായി അഭിനന്ദിക്കുകയും ചെയ്തു. ' ഹുദാ എനിക്കൊരു വാഹനം നന്നാക്കാനുണ്ട്.. എന്ന ആമുഖത്തോടെയായിരുന്നു അബുദാബി കിരീടാവകാശിയും യുഎഇ ഉപസർവ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ഫോൺവിളി. 

ഹുദയെ കുറിച്ച് വിശദമായി ചോദിച്ചറിഞ്ഞ അദ്ദേഹം ഹുദ വനിതകൾക്ക് മാതൃകയാണെന്ന് അഭിനന്ദിക്കുകയും ചെയ്തു. നേരിട്ട് വർക്​ ഷോപ്പിലെത്തി ഹുദയെ കാണുമെന്നും അദ്ദേഹം അറിയിച്ചു. 16 വർഷമായി വാഹനങ്ങൾക്കൊപ്പമാണ് ഹുദയുടെ ജീവിതം.