ഒരു ലക്ഷം രൂപയുടെ പേരിൽ സംഘർഷം; ദുബായ് പൊലീസ് എത്തിയപ്പോൾ കണ്ടത് 3 മൃതദേഹങ്ങൾ

mother-murder
representative image
SHARE

ദുബായ്: ഒരു ലക്ഷം രൂപയുടെ പേരിലുണ്ടായ സംഘർഷത്തിൽ മൂന്ന് ഏഷ്യക്കാർ കൊല്ലപ്പെട്ടു. പ്രതികളെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. 

നായിഫ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ താമസ സ്ഥലത്തായിരുന്നു സംഭവം. 5,000 ദിർഹ(ഏതാണ്ട് ഒരു ലക്ഷം രൂപ)ത്തിന്റെ പേരിലായിരുന്നു വാക്കുതർക്കം ഉടലെടുത്തതെന്നു പൊലീസ് പറഞ്ഞു. ഇതു പിന്നീട് സംഘം ചേർന്നുള്ള കലഹമായി മാറുകയായിരുന്നു. കത്തിയും വടിവാളും മരക്കഷണങ്ങളും ഉപയോഗിച്ച് 13 പേർ മൃഗീയമായി തമ്മിൽ തല്ലിയതായി പൊലീസ് പറഞ്ഞു. സംഭവത്തിൽ 3 പേർ മരിക്കുകയും ബാക്കിയുള്ള പലർക്കും പരുക്കേൽക്കുകയും ചെയ്തു. പൊലീസ് എത്തുന്നതിന് മുൻപേ പ്രതികൾ സംഭവ സ്ഥലത്തു നിന്നു രക്ഷപ്പെട്ടുവെങ്കിലും ഇവരെ 24 മണിക്കൂറിനുള്ളിൽ പൊലീസ് അറസ്റ്റ് ചെയ്തതായി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡയറക്ടർ ബ്രി.ജമാൽ സാലിം അൽ ജല്ലാഫ് പറഞ്ഞു. 

പൊലീസ് എത്തിയപ്പോൾ കണ്ടത് 3 മൃതദേഹങ്ങൾ

ദുബായ് പൊലീസിലെ കമാൻഡ് ആൻഡ് കൺട്രോൾ സെന്ററിലേയ്ക്കാണ് അടിപിടി സംബന്ധിച്ച വിവരം ലഭിച്ചത്. ഉടൻ തന്നെ പൊലീസ് സംഭവ സ്ഥലത്തേയ്ക്ക് കുതിച്ചു. പൊലീസ് സ്ഥലത്തെത്തിയപ്പോൾ കണ്ടതു കുത്തേറ്റും അടിയേറ്റും മരിച്ചുകിടക്കുന്ന 3 പേരെയും ഗുരുതര പരുക്കേറ്റ 3 പേരെയുമാണ്.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണു മരിച്ചവരും പരുക്കേറ്റവരുമുൾപ്പെടെ 13 പേർ കേസിൽ ഉൾപ്പെട്ടതായും ഏഴ് പേർ സംഭവ സ്ഥലത്ത് നിന്നു രക്ഷപ്പെട്ടതായും കണ്ടെത്തിയത്. 10 പേരെ സംബന്ധിച്ച വിവരങ്ങൾ പൊലീസ് ശേഖരിച്ചു. പരുക്കേറ്റ 3 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ശരീരത്തിൽ ആഴത്തിലുള്ള മുറിവേറ്റതായി പൊലീസ് പറഞ്ഞു. അതേസമയം, മരിച്ചവർ, പരുക്കേറ്റവർ, പ്രതികൾ എന്നിവരെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.

ഇത്തരത്തിലുള്ള സംഘർഷങ്ങൾ കാണുകയാണെങ്കിൽ ഉടൻ പൊലീസിനെ ബന്ധപ്പെടുക: 999.

MORE IN GULF
SHOW MORE
Loading...
Loading...