യുസഫലിക്ക് ഉന്നത പുരസ്കാരം നൽകി ആദരിച്ച് അബുദാബി; വിഡിയോ പങ്കുവച്ച് താരങ്ങൾ

പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം. എ. യൂസഫലിയെ അബുദാബി സർക്കാർ ഉന്നത പുരസ്കാരം നൽകി ആദരിക്കുന്ന വിഡിയോ ഏറ്റെടുത്ത് കേരളം. യൂസഫലിയുടെ മരുമകനായ ഡോക്ടർ ഷംസീർ വയലിൽ ഇൻസ്റ്റഗ്രം പേജിൽ പങ്കിട്ട വിഡിയോ മോഹൻലാൽ അടക്കമുള്ള താരങ്ങൾ ഫെയ്സ്ബുക്ക് ഇൻസ്റ്റഗ്രം പേജുകളിൽ പങ്കുവച്ചു അനുമോദനമറിയിച്ചു. മഞ്ജുവാരിയർ, പൃഥ്വിരാജ്, ടൊവിനോ, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, മാന്യത ദത്ത് തുടങ്ങിയവരും ആശംസകൾ അർപ്പിച്ച് വിഡിയോ പങ്കുവച്ചിട്ടുണ്ട്.

യുഎഇയുടെ പ്രത്യേകിച്ച്, അബുദാബിയുടെ  വാണിജ്യ-വ്യവസായ മേഖലകളിൽ നൽകിയ സംഭാവനകൾക്കും ജീവകാരുണ്യ രംഗത്തു നൽകുന്ന മികച്ച പിന്തുണയ്ക്കുമുള്ള അംഗീകാരമായാണ് ഉന്നത സിവിലിയൻ ബഹുമതിയായ അബുദാബി അവാർഡിന് യൂസഫലിയെ അർഹനാക്കിയത്.  അബുദാബി അൽ ഹൊസൻ പൈതൃക മന്ദിരത്തിൽനടന്ന ചടങ്ങിൽ അബുദാബി കിരീടാവകാശിയും യുഎഇ. സായുധ സേനാ ഉപസർവസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പുരസ്കാരം യൂസഫലിക്ക് സമ്മാനിച്ചു. 

ഏറെ വിനയത്തോടെയും അഭിമാനത്തോടെയുമാണു അബുദാബി സർക്കാറിന്റെ ഈ ബഹുമതിയെ  കാണുന്നതെന്ന് അവാർഡ് സ്വീകരിച്ചതിനുശേഷം യൂസഫലി പറഞ്ഞു. കഴിഞ്ഞ 47 വർഷമായി അബുദാബിയിലാണ് താമസം. 1973 ഡിസംബർ 31-ാനാണ് പുതിയ സ്വപ്നങ്ങളും പ്രതീക്ഷകളുമായും യുഎഇയിൽ എത്തിയത്. ഏറെ വെല്ലുവിളികളും കയറ്റിറക്കങ്ങളും പിന്നിട്ടു. ഈ രാജ്യത്തിന്റെ ദീർഘദർശികളും സ്ഥിരോത്സാഹികളുമായ  ഭരണാധികാരികളോടും പ്രത്യേകിച്ച് അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനോട് നന്ദി രേഖപ്പെടുത്തുന്നു. 

2005-ൽ പ്രവാസി ഭാരതീയ സമ്മാൻ, 2008-ൽ പത്മശ്രീ പുരസ്കാരം, 2014-ൽ ബഹ്റൈൻ രാജാവിന്റെ ഓർഡർ ഓഫ് ബഹ്റൈൻ, 2017-ൽ ബ്രിട്ടീഷ് രാജ്ഞിയുടെ ക്വീൻസ് പുരസ്കാരം എന്നിങ്ങനെ യൂസഫലിക്ക് ലഭിച്ച പുരസ്കാരങ്ങൾ നിരവധിയാണ്. ഇത് കൂടാതെ യുഎഇ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങൾ  പ്രവാസികൾക്കു നൽകുന്ന ആദ്യത്തെ  ആജീവനാന്ത താമസ വീസയ്ക്ക്  അർഹനായതും യൂസഫലിയാണ്. 

അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി യൂസഫലിക്കുള്ള ആത്മബന്ധം മലയാളികൾക്ക് ഏറെ അഭിമാനിക്കാൻ വകയുള്ളതാണ്. അബുദാബി നഗരത്തിന്റെ ഹൃദയഭാഗത്താണ് സ്വന്തമായി വീട് നിർമ്മിക്കുവാനുള്ള സ്ഥലം വർഷങ്ങൾക്കു മുൻപ് ഷെയ്ഖ് മുഹമ്മദ് യൂസഫലിക്ക് നൽകിയത്. ഇതു കൂടാതെ അബുദാബി നഗരത്തിലുള്ള ലുലു ഗ്രൂപ്പിന്റെ  മുഷ്റിഫ് മാൾ നിലനിൽക്കുന്ന 40 ഏക്കർ സ്ഥലം അബുദാബി സർക്കാർ  നൽകിയതാണ്. 28,000-ലധികം മലയാളികൾ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള  58,000 പേരാണു ലുലു ഗ്രൂപ്പിൽ ജോലി ചെയ്യുന്നത്.