ഇസ്രയേലില്‍ 1,000 കോടി ഡോളറിന്റെ നിക്ഷേപത്തിനൊരുങ്ങി യുഎഇ; ചർച്ച

ഇസ്രയേലില്‍ 1,000 കോടി ഡോളറിൻറെ നിക്ഷേപത്തിനൊരുങ്ങി യുഎഇ. അബുദാബി കിരീടാവകാശിയും യുഎഇ സായുധസേനാ ഉപമേധാവിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അൽ നഹ്യാനും ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവും ഫോണിൽ ചർച്ച നടത്തി. പ്രതിരോധമേഖലയിലടക്കം സഹകരണം ശക്തമാക്കാനാണ് തീരുമാനം.

കോവിഡ് നിയന്ത്രണങ്ങൾ കാരണം  ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിൻറെ യുഎഇ സന്ദർശനം വൈകിയ പശ്ചാത്തലത്തിലാണ് ഇരുനേതാക്കളും ഫോണിൽ ചർച്ച നടത്തിയത്. ഊര്‍ജം, നിര്‍മാണം, ജലം, ബഹിരാകാശം, ആരോഗ്യം, കൃഷി, സാങ്കേതിക വിദ്യ തുടങ്ങിയ മേഖലകളിലായിരിക്കും യുഎഇ വൻനിക്ഷേപനം നടത്തുന്നത്. ഇരു രാജ്യങ്ങള്‍ തമ്മിലുള്ള സാമ്പത്തിക സഹകരണം ശക്തമാക്കുന്നതിന് നിക്ഷേപക നിധിയുടെ പിന്തുണയുണ്ടാകും. അതേസമയം, മേഖലയിലെ ഭീഷണി മറികടക്കാൻ യുഎഇയും ഇസ്രയേലും പ്രതിരോധരംഗത്തും കൈകോർക്കാൻ തീരുമാനിച്ചു. ശത്രുക്കളുടെ മിസൈലും ഡ്രോണും ലക്ഷ്യസ്ഥാനത്ത് എത്തും മുൻപ് തകർക്കാൻ ശേഷിയുള്ള ആൻറി ഡ്രോൺ സംയുക്തമായി വികസിപ്പിക്കാനാണ് ധാരണ. ഇതുമായി ബന്ധപ്പെട്ട് യുഎഇയുടെ നൂതന സാങ്കേതിക ഗ്രൂപ്പായ എഡ്ജ്,  ഇസ്രയേൽ എയറോസ്പേസ് ഇൻഡസ്ട്രീയുമായി കരാർ ഒപ്പുവച്ചു. ആയുധങ്ങൾ വഹിക്കുന്ന ഡ്രോണുകൾ മേഖലയിൽ ഭീഷണിയുയർത്തുന്ന സാഹചര്യത്തിലാണ് അത് ചെറുക്കാൻ പദ്ധതി ആവിഷ്കരിക്കുന്നത്. കഴിഞ്ഞ മാസം അബുദാബിയിൽ സമാപിച്ച ദേശീയ പ്രതിരോധ പ്രദർശനത്തിൽ ഇസ്രയേൽ നവീന സാങ്കേതിക വിദ്യ പ്രദർശിപ്പിച്ചിരുന്നു.