ഒരു വൃക്കമാത്രം, പിതാവ് കിടപ്പിൽ; അത്തറിന്റെ സുഗന്ധമില്ലാതെ മലയാളി ബാലൻ ദുബായിൽ

സമൂഹത്തിൽ സുഗന്ധം പരത്താൻ ശ്രമിക്കുന്ന ഈ 12 വയസ്സുകാരന്റെ നെഞ്ചിനുള്ളിൽ നിന്നുയരുന്നത് വിഷമങ്ങൾ കത്തിയെരിയുന്ന മണം.  രോഗബാധിതനായ പിതാവടക്കമുള്ള കുടുംബത്തിന്റെ നിത്യച്ചെലവിനുള്ള തുക കണ്ടെത്താൻ ദുബായ് നായിഫിലെ അൽ ഫുത്തൈം പള്ളിക്ക് മുൻപിൽ അത്തറ് വിൽക്കുന്ന കണ്ണൂർ സ്വദേശി മുസ്തഫയുടെ മകൻ അമൻ കാണുന്നവർക്കെല്ലാം കരളലിയിക്കുന്ന കാഴ്ച. ഒരു വൃക്ക നഷ്ടപ്പെട്ട ബാലനാണ് ഇങ്ങനെ ജോലി ചെയ്ത് കുടുംബത്തെ പോറ്റുന്നതെന്നതും പലർക്കും അറിയാത്ത സത്യം.

രാവിലെ മുതൽ ഇശാ (രാത്രി നമസ്കാര സമയം) വരെ അമൻ പള്ളിക്ക് മുൻപിൽ തന്റെ ചെറിയ കച്ചവടം ചെയ്യുന്നു. പ്രാർഥന നിർവഹിച്ച ശേഷം പെട്ടെന്ന് പള്ളിയിൽ നിന്ന് പുറത്തേക്കിറങ്ങി കൈയിലെ പ്ലാസ്റ്റിക് കൂടിൽ നിന്ന് അത്തറിന്റെ കുഞ്ഞു പായ്ക്കറ്റുകളെടുത്ത് പ്രാർഥന കഴിഞ്ഞിറങ്ങുന്നവരുടെ മുന്നിലേയ്ക്ക് നീട്ടും; കൈകളിൽ സാംപിൾ പുരട്ടിക്കൊടുക്കും. ചിലരൊക്കെ വാങ്ങിക്കും. അങ്ങനെയവൻ പകലന്തിയോളം അത്തറ് വിറ്റുകിട്ടുന്ന പണം രോഗിയായ പിതാവ്, മാതാവ്, സഹോദരി എന്നിവരടങ്ങുന്ന കുടുംബത്തിന് വേണ്ടി തന്റെ മണിക്കുടുക്കയിലിട്ട് വയ്ക്കും. അതിൽ നിന്നെടുത്താണ് അവശ്യവസ്തുക്കൾ വാങ്ങിക്കുന്നത്. ബാക്കിയാകുന്ന തുക ഉപയോഗിച്ച് മുറിയുടെ വാടകയും നൽകും. എങ്കിലും പലപ്പോഴും ഇതൊന്നിനും തികയാത്തതിനാൽ വലിയ പ്രതിസന്ധിയിലൂടെയാണ് കുടുംബം കടന്നുപോകുന്നത്.

ബിസിനസ് പങ്കാളി ചതിച്ചപ്പോൾ മുതൽ പ്രതിസന്ധി

കഴിഞ്ഞ 48 വർഷത്തോളമായി യുഎഇയിലുള്ള മുസ്തഫ നല്ല നിലയിൽ ബിസിനസ് ചെയ്തുവരവെ, പങ്കാളി പറ്റിച്ചതോടെയാണ് ദുരിതത്തിലായത്. പിന്നീട് അസുഖം ബാധിച്ച് ദെയ്റയിലെ കുടുസ്സുമുറിയിൽ കിടപ്പിലുമായി. ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബം നാട്ടിലായിരുന്നു. മുസ്തഫയെ കാണാൻ അവർ ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ വീസാ കാലാവധി കഴിഞ്ഞ് ഏറെ പിഴയൊടുക്കേണ്ടതിനാൽ നാട്ടിലേയ്ക്ക് പോകാനുള്ള ശ്രമം നടന്നില്ല. ഒടുവിൽ ഒന്നര വർഷം മുൻപ് അവരെ ദുബായിലേയ്ക്ക് കൊണ്ടുവന്നു. 

സന്ദർശക വീസയിലെത്തിയ അവര്‍ക്ക് മുസ്തഫയുടെ രോഗാവസ്ഥ കണ്ടപ്പോൾ ഒറ്റയ്ക്കാക്കി പോകാൻ തോന്നിയില്ല. പിന്നീട്, വീസാ കാലാവധി കഴിഞ്ഞു. ഇതോടെ ജീവിതം വലിയ പ്രതിസന്ധിയിലുമായി. ഇൗ സാഹചര്യത്തിലാണ് ആർക്കു മുൻപിലും സഹായത്തിനായി കൈ നീട്ടരുതെന്ന ചിന്തയിൽ മാസങ്ങൾക്ക് മുൻപ് അമൻ അത്തറു പായ്ക്കറ്റുകളുമായി ഇറങ്ങിയത്. തന്നെ ചതിച്ചയാൾ യുഎഇയിലെവിടെയോ സുഖമായി ജീവിക്കുന്നുണ്ടെന്ന് മുസ്തഫ പറയുന്നു. അയാൾ ജീവിച്ചോട്ടെ. ഞാനിതുവരെ എന്റെ വിഷമങ്ങൾ ആരെയും അറിയിച്ചിട്ടില്ല– മുസ്തഫയുടെ വാക്കുകൾ മുറിയുന്നു.

ഒരു വൃക്ക നഷ്ടപ്പെട്ട ബാലൻ

വിധിയുടെ പരീക്ഷണം വീണ്ടുമുണ്ടായി. രണ്ടുവർഷം മുൻപ് നാട്ടിൽ വച്ച് അമനെ വൃക്കരോഗം പിടികൂടി. ഏറെ ചികിത്സിച്ചെങ്കിലും സുഖപ്പെട്ടില്ല. ഒരു വ‍ൃക്ക നീക്കം ചെയ്യാതെ രക്ഷയില്ലെന്ന് ഡോക്ടർമാർ വിധിയെഴുതി. ശസ്ത്രക്രിയയിലൂടെ വൃക്ക നീക്കം ചെയ്തു. ഇപ്പോൾ ഒരു വൃക്കയുമായി കഷ്ടപ്പെട്ട് ജീവിക്കുന്ന അമനെയോർത്ത് കണ്ണീർ വാർക്കുകയാണ് ഇൗ കുടുംബം. 

ഓൺലൈൻ ക്ലാസുകളും മുടങ്ങി

നാട്ടിലെ സ്കൂളിലാണ് അമൻ ആറാം ക്ലാസിൽ പഠിക്കുന്നത്. സഹോദരിഏഴാം ക്ലാസിലും. ഇരുവരും കോവിഡിന് ശേഷം ഓൺലൈൻ ക്ലാസുകളിൽ പങ്കെടുത്തുവരികയായിരുന്നു. ഇന്റർനെറ്റ് ബില്ലടക്കാത്തതിനാൽ അതു വിച്ഛേദിച്ചതിനെ തുടർന്ന് ഇപ്പോൾ ക്ലാസുകൾ മുടങ്ങിയിരിക്കുന്നു. ആരോടും പരിഭവമില്ലാതെ തന്റെ വിധിയോർത്ത് കഴിയുകയാണ് മുസ്തഫയും കുടുംബവും.  മനസിൽ കാരുണ്യം വറ്റിയിട്ടില്ലാത്തവരുടെ സഹായമാണ് ഇനി പ്രതീക്ഷ. ബന്ധപ്പെടേണ്ട നമ്പർ– 0586785338