‘എന്റെ പൊന്നു ബിരിയാണി’; 23 കാരറ്റ് സ്വർണ ബിരിയാണി; വില 20,000 രൂപ

‘നിങ്ങളുടെ ജീവിതത്തിെല ഈ മുക്കാൽ മണിക്കൂർ കാത്തിരിപ്പ് ഒരിക്കലും നഷ്ടമാകില്ല. സ്വർണ ബിരിയാണിയുടെ രുചി ജീവിതകാലം മുഴുവൻ ഒാർമിക്കാനുള്ള അനുഭവമായിരിക്കും...’. ദുബായിലെ ഏറ്റവും വിലപിടിപ്പുള്ള ബിരിയാണിയുടെ ചിത്രത്തിനൊപ്പം യുഎഇയിലെ ബോംബെ ബോറോ ഹോട്ടൽ സമൂഹമാധ്യമത്തിൽ എഴുതിയ കുറിപ്പാണിത്. 23 കാരറ്റ് ഭക്ഷ്യയോഗ്യമായ സ്വർണം ചേർത്ത ‘റോയൽ ഗോൾഡ് ബിരിയാണി’യുടെ വില 1000 ദിർഹമാണ് (ഇരുപതിനായിരത്തോളം ഇന്ത്യൻ രൂപ). 

ബിരിയാണി റൈസ്, കീമ റൈസ്, വൈറ്റ് സാഫ്രൺ റൈസ് എന്നിങ്ങനെ വ്യത്യസ്ത തരത്തിലുള്ള അരികളാണ് ബിരിയാണി തയാറാക്കാൻ ഉപയോഗിച്ചിരിക്കുന്നത്. ബിരിയാണിയിലെ മറ്റു ചേരുവകളെക്കുറിച്ചൊന്നും ബോംബെ ബോറോ ഉടമകൾ വെളിപ്പെടുത്തുന്നില്ലെങ്കിലും പലതരത്തിലുള്ള സാലഡുകളും സൈഡ് ഡിഷുകളും ബിരിയാണിക്കൊപ്പം ഭക്ഷണപ്രേമികൾക്കു രുചിക്കാം. 

കശ്മീരി ലാംബ് ഷീക് കബാബ്, ഓൾഡ് ഡൽഹി ലാംബ് ചോപ്സ്, രജ്പുത് ചിക്കൻ കബാബ്, മുഗൾ കോഫ്ത, മലായ് ചിക്കൻ റോസ്റ്റ് തുടങ്ങിയവയ്ക്കൊപ്പം പലതരം സോസുകളും കറികളും റെയ്തയുമൊക്കെ റോയൽ ഗോൾഡ് ബിരിയാണിക്കൊപ്പം വിളമ്പുന്നുണ്ട്. സ്വർണത്തളികയിലെ ബിരിയാണി ഭക്ഷ്യയോഗ്യമായ ഒരു സ്വർണയില കൊണ്ട് അലങ്കരിച്ചാണ് തീൻമേശയിലെത്തുന്നത്.