'ഉറങ്ങിപ്പോയി; 7 കോടി അടിച്ചത് അറിയാൻ വൈകി..'; ഭാഗ്യവാനായ മലയാളി പറയുന്നു

gulf-lottery
SHARE

ജോലി കഴിഞ്ഞു വന്നു കിടന്നുറങ്ങിപ്പോയി, അതിനാൽ ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ കോടികൾ ലഭിച്ച വിവരം അറിയാൻ വൈകി. ഇന്നലെ നടന്ന നറുക്കെടുപ്പിൽ ഏഴ് കോടിയിലേറെ രൂപ(10 ലക്ഷം യുഎസ് ഡോളർ) സമ്മാനം നേടിയ കണ്ണൂർ സ്വദേശി ശരത് കുന്നുമ്മലി(26)ന്റേതാണ് വാക്കുകൾ. ദുബായിലെ ഓട്ടോമൊബീൽ ഇൻഡസ്ട്രിയിൽ ടെക്നിക്കൽ ജീവനക്കാരായ ഈ യുവാവ് 10 സഹപ്രവർത്തകരോടൊപ്പമാണ് 4275 നമ്പർ ടിക്കറ്റ് വാങ്ങിയത്.

രാത്രികാല ജോലി കഴിഞ്ഞ് വന്നു മൊബൈൽ സ്വിച്ച് ഓഫ് ചെയ്ത് കിടന്നുറങ്ങിയതാണ്. ദുബായ് ഡ്യൂട്ടി ഫ്രീ അധികൃതർ സമ്മാനം നേടിയ വിവരം അറിയിക്കാൻ ഫോൺ വിളിച്ചതൊന്നും അറിഞ്ഞതേയില്ല. വൈകിട്ട് ആറിന് സുഹൃത്തുക്കൾ വിവരം വന്നു പറഞ്ഞപ്പോഴാണ് ഇപ്രാവശ്യം തന്നെ ഭാഗ്യദേവത കടാക്ഷിച്ച കാര്യം മനസിലായത്. മൊബൈൽ പരിശോധിച്ചപ്പോൾ അതിൽ ഡ്യൂട്ടി ഫ്രീ ലാൻഡ് ലൈനിൽ നിന്നുള്ള കോളുകളും കണ്ടതോടെ ഉറപ്പിച്ചു.

കഴിഞ്ഞ നാലു വർഷമായി ദുബായിൽ താമസിക്കുന്ന ശരത് ഇതാദ്യമായാണ് ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ ഭാഗ്യ പരീക്ഷണം നടത്തുന്നത്. നേരത്തെ രണ്ടു പ്രാവശ്യം അബുദാബി ബിഗ് ടിക്കറ്റ് വാങ്ങിയിരുന്നു. തനിക്ക് ലഭിക്കുന്ന വിഹിതം നാട്ടിലുള്ള വയോധികരായാ മാതാപിതാക്കളെ സഹായിക്കുന്നതിനും പാതി വഴിയിലായ വീട് നിർമാണം പൂർത്തിയാക്കുന്നതിനും ഉപയോഗിക്കാനാണു ശരതിന്റെ തീരുമാനം. ഇന്നലെ നടന്ന മറ്റു നറുക്കെടുപ്പുകളിൽ അബുദാബി ഇന്ത്യൻ സ്കൂളിലെ 12–ാം ക്ലാസ് വിദ്യാർഥിനി റിയ രൂപേഷ് ആഡംബര കാറും സാനിയോ തോമസ് ആഡംബര മോട്ടോർ ബൈക്കും നേടി. 

MORE IN GULF
SHOW MORE
Loading...
Loading...