യുഎഇയുടെ ആദ്യ ചൊവ്വാഗവേഷണ പേടകം ഭ്രമണപഥത്തിലേക്ക്; വിക്ഷേപിച്ചത് ജൂലൈ 20ന്

uaemars-02
SHARE

യുഎഇയുടെ ആദ്യ ചൊവ്വാഗവേഷണ പേടകം ഈ മാസം ഒൻപതിന് ചൊവ്വയുടെ ഭ്രമണപഥത്തിലെത്തും. ദൗത്യം ലക്ഷ്യത്തിലെത്തുന്നതോടെ തൊഴിൽ,പഠന,ഗവേഷണ മേഖലകളിൽ വൻമുന്നേറ്റമാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ജൂലൈ 20നാണ് അൽ അമൽ പേടകം വിക്ഷേപിച്ചത്.

അറബ് മേഖലയുടെ അഭിമാനമായി യുഎഇയുടെ ചൊവ്വാ ദൗത്യം പൂർണവിജയത്തിലെത്താൻ ഇനി നാലുദിവസംകൂടി മാത്രം. ചൊവ്വാഴ്ച വൈകിട്ട് 7.45ന് യുഎഇ പേടകം ചൊവ്വാ ഭ്രമണപഥത്തിൽ എത്തുമെന്നാണ് പ്രതീക്ഷ. ചുവന്ന ഗ്രഹത്തിലേയ്ക്കുള്ള 493 ദശലക്ഷം കിലോ മീറ്റർ യാത്രയാണ് വിജയകരമായി പൂർത്തിയാക്കുന്നത്. മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്ററിലെ ശാസ്ത്രജ്ഞരാണ് പേടകത്തെ നിരീക്ഷിക്കുന്നത്. ദൌത്യം വിജയകരമാകുന്നതോടെ പാഠ്യപദ്ധതികളിൽ ബഹിരാകാശ ശാസ്ത്രവും അനുബന്ധ മേഖലകളും ഉൾപ്പെടുത്തി പ്രാഥമിക തലം മുതൽ സമഗ്രമാറ്റമാണ് യുഎഇ ലക്ഷ്യമിടുന്നത്. പഠന-ഗവേഷണപദ്ധതികൾക്കായി യുഎഇയിലെ സർവകലാശാലകൾ പൂർണസജ്ജമായതായി അധികൃതർ വ്യക്തമാക്കി. ബഹിരാകാശ ശാസ്ത്ര വിഷയങ്ങളിൽ യുഎഇയിൽ ഉന്നത വിദ്യാഭ്യാസ പദ്ധതികൾ തുടങ്ങാൻ കൂടുതൽ രാജ്യാന്തരസ്ഥാപനങ്ങളാണ് ഒരുങ്ങുന്നത്. 

യുഎഇ വിദ്യാർഥികളെ തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജിയിൽ പരീശീലിപ്പിക്കുന്നത് സജീവപരിഗണനയിലാണ്. സ്പേസ് മൈനിങ്, സ്പേസ് സ്റ്റേഷനുകൾ, സ്പേസ് ടൂറിസം, അക്കാദമികൾ, പരിശീലന കേന്ദ്രങ്ങൾ, പുനർസംസ്കരണ സംവിധാനങ്ങൾ, ബഹിരാകാശ താമസകേന്ദ്രങ്ങൾ, ബഹിരാകാശ പേടകങ്ങളുടെയും ഘടകങ്ങളുടെയും നിർമാണ യൂണിറ്റുകൾ തുടങ്ങിയ മേഖലകളിൽ നിക്ഷേപാവസരങ്ങൾ ഒരുങ്ങുന്നത്. യുഎഇക്ക് എല്ലാം സാധ്യമാണെന്നതിൻറെ തെളിവാണ് ചൊവ്വാദൌത്യത്തിൻറെ വിജയമെന്ന് യുഎഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും പറഞ്ഞു.

MORE IN GULF
SHOW MORE
Loading...
Loading...