7 അറബ് രാജ്യങ്ങളിലേക്ക് ഇന്ത്യൻ വാക്സീൻ; സൗദിക്ക് 30 ലക്ഷം ഡോസ് ഉടൻ

യുഎഇ, ബഹ്റൈൻ, ഒമാൻ, കുവൈത്ത് ഉൾപ്പെടെ 7 അറബ് രാജ്യങ്ങൾക്കു ഇന്ത്യൻ വാക്സീൻ ആസ്ട്ര സിനിക്ക ലഭിച്ചു. ഈജിപ്ത്, അൾജീരിയ, മൊറോക്കൊ എന്നിവയാണ് ‍വാക്സീൻ ലഭിച്ച മറ്റു രാജ്യങ്ങൾ.

സൗദി അറേബ്യയിലേക്കു വൈകാതെ 30 ലക്ഷം ഡോസ് വാക്സീൻ എത്തിക്കുമെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു. ഒരു ഡോസ് വാക്സീന് 5.25 ഡോളർ നിരക്കിലാണ് സൗദിക്കു നൽകുന്നത്. സൗദിയിൽ ഫൈസർ വാക്സീനാണ് നൽകിവരുന്നത്.

എന്നാൽ ലഭ്യതക്കുറവു മൂലം രണ്ടാമത്തെ ഡോസ് വൈകുമെന്ന് കുത്തിവയ്പ് എടുത്തവരെ അറിയിക്കുകയായിരുന്നു. ഇതിനിടെ ആസ്ട്ര സിനിക്ക, മൊഡേണ എന്നീ 2 വാക്സീനുകൾക്കുകൂടി സൗദി അംഗീകാരം നൽകി. ഇവ ലഭ്യമാകുന്ന മുറയ്ക്ക് കുത്തിവയ്പ് ഊർജിതമാക്കാനാണ് പദ്ധതി.