ഇന്ത്യ, യുഎഇ വാണിജ്യ വ്യാപാര മേഖലകളിൽ ബന്ധം ശക്തമാക്കും; ഉന്നതതല യോഗം

ഇന്ത്യ, യുഎഇ വാണിജ്യ വ്യാപാര മേഖലകളിൽ ബന്ധം ശക്തമാക്കുന്നതിൻറെ ഭാഗമായി അടുത്തയാഴ്ച ഉന്നതതല യോഗം ചേരും. വാണിജ്യ വ്യവസായ മന്ത്രി പിയുഷ് ഗോയല്‍ ചർച്ചകളിൽ പങ്കെടുക്കും. അതേസമയം,  പ്രവാസി ഭാരതീയ സഹായക് കേന്ദ്രത്തിൻറെ ഓഫീസ് ദുബായ് ഇന്ത്യൻ കോൺസുലേറ്റിലേക്ക് മാറ്റി.

വാണിജ്യ വ്യാപാര മേഖലകളിൽ ഇരുരാജ്യങ്ങളുടേയും ബന്ധം ശക്തമാക്കുന്നതിനും പുതിയ നിക്ഷേപസാധ്യതകൾ തേടുന്നതിനായുമാണ് അടുത്തയാഴ്ച ഉന്നതതല യോഗം ചേരുന്നതെന്ന് യുഎഇയിലെ ഇന്ത്യൻ സ്ഥാനപതി പവൻ കപൂർ അറിയിച്ചു. വിവിധമേഖലകളിൽ സഹകരണം വർധിപ്പിക്കുന്നത് സംബന്ധിച്ച് വിദേശകാര്യമന്ത്രി യുഎഇ അധികൃതരുമായി ചർച്ച നടത്തിയതായും സ്ഥാനപതി വ്യക്തമാക്കി. അതേസമയം,  ജെഎൽടിയിൽ പ്രവർത്തിച്ചിരുന്ന  പ്രവാസി ഭാരതീയ സഹായക് കേന്ദ്രം കോൺസുലേറ്റിലേക്കു മാറ്റി.  എല്ലാദിവസവും ഇന്ത്യൻ പ്രവാസികൾക്ക് നിയമസഹായം നൽകാനുള്ള സംവിധാനം ഇവിടെ ഒരുക്കിയിട്ടുണ്ടെന്ന് ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ ഡോ.അമൻപുരി അറിയിച്ചു.

ഞായർ മുതൽ വ്യാഴം വരെ രാവിലെ ഒമ്പതു മുതൽ ആറുവരെയാണ് പ്രവർത്തനസമയം. വാരാന്ത്യദിവസങ്ങളിൽ ഉച്ചക്ക് രണ്ടു മുതൽ ആറുവരെയും സേവനം ലഭിക്കും. ടോൾഫ്രീ നമ്പർ 80046342 ൽ വിളിച്ചു സേവനം തേടാം. അതേസമയം, കോവിഡ് കാലത്ത് ആറുലക്ഷത്തോളം ഇന്ത്യക്കാർ നാട്ടിലേക്ക് മടങ്ങിയതായും രണ്ടരലക്ഷം പേരിലധികം തിരികെ എത്തിയിട്ടുണ്ടെന്നും ഇന്ത്യൻ സ്ഥാനപതി വ്യക്തമാക്കി. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട ചോദ്യത്തിന് അതെല്ലാം കേന്ദ്രഅന്വേഷണ ഏജൻസികളും യുഎഇ അധികൃതരും തമ്മിലുള്ള കാര്യമാണെന്നും പവൻ കപൂർ പറഞ്ഞു.