മഹാമാരിയെ അതിജീവിച്ച് തിരികെ നടന്നവർ; ഇവർക്ക് ഇത് രണ്ടാം ജന്മം

gulf-week
SHARE

മഹാമാരിയെ അതിജീവിക്കുന്ന കാഴ്ചകളാണ് പ്രവാസലോകത്ത് നിന്ന് പങ്കുവയ്ക്കാനുള്ളത്. കോവിഡിൻറ പിടിയിൽ നിന്നകന്നത് മനസാന്നിധ്യവും മികച്ച ചികിൽസയും കൊണ്ടാണ്. . ഇവർക്ക് ലോകത്തോട് പറയാനേറെയുണ്ട്. പ്രതീക്ഷയുടെ അതിലുപരി ജാഗ്രതയുടെ ജീവിതസാക്ഷ്യങ്ങൾ.

കോവിഡിനെ അതിജീവിച്ച ഒരായിരം കഥകളുണ്ട് പ്രവാസിമലയാളികൾക്കു പറയാൻ. വെൻറിലേറ്ററിൽ മരണത്തെ മുഖാമുഖം കണ്ടത് മുതൽ ആശുപത്രിയിൽ പോകാതെ വീടുകളിലിരുന്ന് അതിജീവനം സാധ്യമാക്കിയ ആയിരക്കണക്കിന് ജീവിതങ്ങൾ. കോവിഡ് വന്നവരെല്ലാം അതിന് കീഴടങ്ങിയിട്ടില്ല. പക്ഷേ, നിതാന്തജാഗ്രത വേണമെന്ന് ഓർമപ്പെടുത്തുകയാണിവർ. കേരളത്തിൽ കോവിഡ് വ്യാപനം കൂടുമ്പോൾ പ്രവാസികളുടെ ഈ അതിജീവനം പാഠപുസ്തകമാണ്. പ്രിയപ്പെട്ടവർ അകലെയായിരുന്നെങ്കിലും ജാഗ്രതയോടെ മനസാന്നിധ്യത്തോടെ മഹാമാരിയെ അതിജീവിച്ച ജീവിതങ്ങൾ.

അബുദാബി ഖാലിദിയ തെരുവിലെ ബാച്ചിലർ റൂമിലെ പ്രവാസിമലയാളികളായ ആറുപേർ പറയുന്നത്  അത്തരമൊരു അതിജീവനത്തിൻറെ സാക്ഷ്യമാണ്. കായകുളം ചുനക്കര സ്വാദേശി ശശി രാമകൃഷ്‌ണന് ഇത് രണ്ടാം ജന്മമാണ്. വെൻറിലേറ്ററിൽ നിന്ന് ജീവിതത്തിലേക്ക് തിരികെനടന്ന അതിജീവനം. ശരീരം ബലഹീനമായപ്പോഴും കോവിഡിനെ തോൽപ്പിക്കാൻ  മനസ് സന്നദ്ധമായിരുന്നു. പ്രമേഹവും ആസ്ത്മയും ഒപ്പമുണ്ടായിരുന്നതിനാൽ വൈറസ് അതിവേഗം ശരീരത്തിൽ പിടിമുറുക്കി. വെൻറിലേറ്ററിൽ ആരോഗ്യപ്രവർത്തകരുടെ മേൽനോട്ടത്തിൽ അതിജീവനശ്രമം. മികച്ച ചികിൽസ സ്വീകരിച്ച് സർക്കാർ നിർദേശങ്ങൾ പാലിച്ച് മുന്നോട്ടു നീങ്ങിയതോടെ വൈറസ് തോറ്റുപിൻമാറി. എല്ലാം അവസാനിച്ചെന്നു കരുതിയിടത്തുനിന്ന് ജീവിതത്തിലേക്കുള്ള മടങ്ങിവരവ്. 

സ്വകാര്യകമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്യുന്ന ആറ്റിങ്ങൽ സ്വദേശി സജിക്ക് മൂന്ന് മാസം മുൻപാണ് കോവിഡ് സ്ഥിരീകരിച്ചത്. മൂന്നാഴ്ചയോളം ചികിൽസതേടി. സർക്കാർ ക്വാറൻറീനിൽ രണ്ടാഴ്ച. കൃത്യമായ പരിശോധനകളും ആരോഗ്യപ്രവർത്തകരിൽ നിന്നുള്ള പിന്തുണയും സജിയെ ജീവിതത്തിലേക്ക് തിരികെയെത്തിച്ചു.

യുഎഇയുടെ തലസ്ഥാനനഗരിയായ അബുദാബിയിൽ വീടുകൾ കയറിയിറങ്ങിയുള്ള കോവിഡ് പരിശോധന മൂന്നാം ഘട്ടത്തിലേക്ക് കടന്നു. സജി വീണ്ടും പരിശോധന പൂർത്തിയാക്കി. സർക്കാർ നിർദേശങ്ങൾ കൃത്യമായി പാലിക്കുകയാണ് അതിജീവനത്തിൻറെ ആദ്യഘട്ടമെന്ന് ഓർമപ്പെടുത്തുകയാണ് ഈ പ്രവാസിമലയാളികൾ. മാസ്ക് ധരിച്ചും സാമൂഹികഅകലം ഉറപ്പുവരുത്തിയുമാണ് താമസയിടങ്ങളിൽപോലും ഇവർ ജീവിക്കുന്നത്. 

എല്ലാ സൌകര്യങ്ങളോടെ, പ്രിയപ്പെട്ടവരുടെ സാമിപ്യത്തോടെ ജീവിക്കുന്ന നാട്ടിലുള്ളവർക്ക് ചിന്തിക്കാനാകാത്ത ദുരിതങ്ങളിലായിരുന്നു താമസയിടങ്ങളിൽ ചെറിയ സൌകര്യങ്ങളോടെ ജീവിക്കുന്ന ഇത്തരം പ്രവാസികളുടെ അവസ്ഥ. പക്ഷേ, അതിജീവനം സാധ്യമാക്കിയത് നിർദേശങ്ങൾ പാലിച്ചും മുൻകരുതൽ ഉറപ്പാക്കിയുമാണ്. അത്തരം മുൻകരുതലുകൾ സ്വീകരിക്കണമെന്ന് മാത്രമാണ് അതിജീവനത്തിൻറെ സാക്ഷികളായ ഇവർ കേരളത്തോട്, മലയാളികളോട് പങ്കുവയ്ക്കുന്നത്.

MORE IN GULF
SHOW MORE
Loading...
Loading...