ഒരേ വയസുകാർ; ചെറുപ്പം തൊട്ടേ ഒരുമിച്ച്; സൗദിയിൽ മരണത്തിലും ഒന്നായി; കണ്ണീർ

saudi-accident-victims.jpg.image.845.440
SHARE

ചെറുപ്പം മുതൽ കൂട്ടുപിരിയാതെ നടന്ന മൂവർ സംഘം ഒടുവിൽ മരണത്തിലും ഒന്നായി.  ഇന്നലെ(വ്യാഴം) പുലർച്ചെ ദമാം- അൽഖോബാർ ഹൈവേയിൽ ഡിവൈഡറിൽ ഇടിച്ചുണ്ടായ അപകടത്തിൽ മരിച്ച മൂന്നു പേരുടെയും ചെറുപ്പം മുതൽ ഉള്ള സ്നേഹബന്ധം മരണത്തിലും ഒരുമിച്ചായത് ദേശീയദിനാഘോഷത്തിനിടെ സൗദിയിലെ മലയാളി സമൂഹത്തെ ദുഃഖത്തിലാഴ്ത്തി. 

കോഴിക്കോട് മാങ്കാവ് സ്വദേശി അത്തക്കര വീട്ടിൽ റാഫിയുടെ മകൻ മുഹമ്മദ് സനദ്, വയനാട് സ്വദേശി ചക്കരവീട്ടിൽ അബൂബക്കർ മകൻ അൻസിഫ്, താനൂർ കുന്നുംപുറം സ്വദേശി തൈക്കാട്ട് വീട്ടിൽ സൈതലവിയുടെ മകൻ മുഹമ്മദ് ഷഫീഖ് എന്നിവരാണ് ദമാം ദഹ്റാൻ മാളിനടുത്ത് ഇന്നലെ പുലർച്ചെ രണ്ടു മണിക്ക് അപകടത്തിൽ മരിച്ചത്. മൂന്നു പേരും ഒരേ വയസുകാരുമാണ്–22. മൂന്നു ജില്ലയിൽ നിന്നുള്ളവരാണെങ്കിലും ഒരുമിച്ച് പഠിച്ചവരും വളർന്നവരുമാണ് മൂവരും. ദേശീയ ദിനാഘോഷ പരിപാടികളിൽ പങ്കെടുത്ത് വൈകിയുറങ്ങിയ ദമാമിലെ മലയാളികൾ ഉണർന്നപ്പോൾ യുവാക്കളുടെ മരണവാർത്ത ഞെട്ടലോടെയാണ് കേട്ടത്. 

ദേശീയദിനമാഘോഷിക്കാൻ അൽ ഖോബാറിലേയ്ക്ക്; പക്ഷേ...

സൗദി ദേശീയദിനാഘോഷ പരിപാടികൾ ആസ്വദിക്കുന്നതിന് വേണ്ടി രക്ഷിതാക്കളുടെ സമ്മതത്തോടെ ഒരേ വാഹനത്തിലാണ് മൂവരും അൽഖോബാറിലേക്ക് പോയത്. രാത്രി വളരെ വൈകി അൻസിഫ് കട അടച്ചതിന് ശേഷമാണ്  ഖോബാറിലേക്ക് തിരിച്ചത്. രണ്ട് സഹോദരങ്ങളും രണ്ടു സഹോദരിമാരും ഉൾപ്പെടെ അഞ്ച് മക്കളാണ് അൻസിഫിന്റെ ഉപ്പാക്ക്. അഞ്ചു പേരും സഹോദരി ഭർത്താവും ദമാമിലുണ്ട്. പിതാവിന്റെ കൂടെത്തന്നെയാണ് ജോലി. ഷെഫീഖിന് രണ്ടു സഹോദരങ്ങളും ഒരു സഹോദരിയും ആണുള്ളത്. ഷെഫീഖ്, മൂത്ത സഹോദരനും ഒരുമിച്ച് ഒരു കമ്പനിയിലാണ് ജോലി ചെയ്യുന്നത്.ദമാമിൽ ബിസിനസ് നടത്തി വരുന്ന പിതാവ്  ഈയടുത്താണ് കുടുംബത്തെ നാട്ടിൽ അയച്ചത്. മുപ്പതിലധികം വർഷമായി ദമാമിൽ ഉള്ള അദ്ദേഹം ഏറെ പ്രതീക്ഷകൾ നൽകി വളർത്തിയ മകന്റെ വിയോഗം വിശ്വസിക്കാനാകാതെ തളർന്നിരിക്കുകയാണ്. സനദിന്റെ കുടുംബവും ദമാമിലുണ്ട്. ബഹ്റൈനിലാണ് സനദ് ഇപ്പോൾ  പഠിക്കുന്നത്. ഇവർ ഓടിച്ചിരുന്ന കാർ ഹൈവേയിൽ നിന്ന് പാരലൽ റോഡിലേക്കിറങ്ങുമ്പോൾ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചു മറിയുകയായിരുന്നു. മുന്നുപേരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹങ്ങൾ ദമാം മെഡിക്കൽ കോംപ്ലകസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

MORE IN GULF
SHOW MORE
Loading...
Loading...