യുഎഇക്കു പിന്നാലെ ഇസ്രയേലുമായി നയതന്ത്ര ബന്ധത്തിനൊരുങ്ങി ബഹ്റൈനും

behrianisrael-07
SHARE

യുഎഇക്കു പിന്നാലെ ഇസ്രയേലുമായി നയതന്ത്ര ബന്ധത്തിനൊരുങ്ങി ബഹ്റൈനും. അമേരിക്കയുടെ മധ്യസ്ഥതയിലാണ് ഇരുരാജ്യങ്ങളും ചരിത്രത്തിലാദ്യമായി ഉഭയകക്ഷി ബന്ധത്തിന് തയ്യാറാകുന്നത്. ഇസ്രയേൽ, പലസ്തീൻ പ്രശ്നത്തിന് സമഗ്രമായ പരിഹാരം കണ്ടെത്തുന്നതിനുള്ള  ശ്രമമുണ്ടാകുമെന്ന് യുഎസ്, ഇസ്രയേൽ, ബഹ്റൈൻ എന്നീ രാജ്യങ്ങൾ സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി.

അറബ് രാഷ്ട്രങ്ങളുടെ പരമ്പരാഗത വൈരികളാണ്  ഇസ്രയേലെന്ന ചിത്രം മായുകയാണ്. ഒരു മാസത്തിനിടെ രണ്ടാമത്തെ ഗൾഫ് രാജ്യമാണ് ഇസ്രയേലുമായി കൈകോർക്കാൻ തയ്യാറാകുന്നത്. കഴിഞ്ഞമാസം 13 ന് ആദ്യമായി യുഎഇ ഇസ്രയേലുമായി നയതന്ത്ര ബന്ധം സ്ഥാപിച്ചതിന് പിന്നാലെയാണ് ബഹ്റൈനും അതേ വഴി സ്വീകരിക്കുന്നത്. ഈ മാസം 15 ന് വൈറ്റ് ഹൌസിൽ വച്ച് ഇസ്രയേൽ, യുഎഇ, ബഹ്റൈൻ പ്രതിനിധികൾ സമാധാനക്കരാറിൽ ഒപ്പുവയ്ക്കും. മേഖലയുടെ സുരക്ഷയും സ്ഥിരതയും വികസനവും ഉറപ്പുവരുത്തുന്നതാണ് തീരുമാനമെന്ന് മൂന്നുരാജ്യങ്ങളുടേയും സംയുക്ത പ്രസ്താവനയിൽ പറയുന്നു. ബഹ്റൈനും ഇസ്രയേലും തമ്മിലുള്ള സമാധാനക്കരാർ ചരിത്രപരമാണെന്ന് യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് പറഞ്ഞു.

യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്, ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു, ബഹ്റൈൻ ഭരണാധികാരി ഹമദ് ബിൻ ഇസ ബിൻ സൽമാൻ അൽ ഖലീഫ എന്നിവർ ഫോണിൽ സംസാരിച്ചാണ് തീരുമാനമെടുത്തത്. അതേസമയം, ഇസ്രയേൽ പലസ്തീൻ പ്രശ്നത്തിന് നീതിപൂർവകവും നിലനിൽക്കുന്നതുമായ ഒരു പരിഹാരം കണ്ടെത്തുന്നതിന് ശ്രമം തുടരുമെന്ന് പ്രസ്താവനയിൽ വ്യക്തമാക്കുന്നു. ട്രംപിൻറെ മരുമകനും മുഖ്യ ഉപദേശകനുമായ ജാറെദ് കുഷ്ണറിൻറെ നേതൃത്വത്തിലാണ് ഗൾഫ് രാജ്യങ്ങളും ഇസ്രയേലുമായുള്ള ബന്ധത്തിന്  മധ്യസ്ഥ ചർച്ചകൾ നടക്കുന്നത്. അതേസമയം, പ്രസിഡൻറ് തിരഞ്ഞെടുപ്പിനൊരുങ്ങുന്ന ട്രംപിന് സഹായകരമാകുന്നതാണ് ഗൾഫ് മേഖലയിലെ സമാധാനനീക്കങ്ങളെന്നാണ് വിലയിരുത്തൽ.

MORE IN GULF
SHOW MORE
Loading...
Loading...