നാല് പതിറ്റാണ്ട് ദുബായ് പൊലീസിൽ; ഒടുവിൽ അമ്മദ് നാട്ടിലേക്ക്

ammad-20
SHARE

നാൽപത് വർഷത്തോളം നീണ്ട ദുബായ് പൊലീസിലെ സേവനം പൂർത്തിയാക്കി മലയാളി നാട്ടിലേക്ക് മടങ്ങുന്നു. കോഴിക്കോട് സ്വദേശി അമ്മദാണ് പോറ്റമ്മയോട് സലാം പറഞ്ഞ് ജൻമനാട്ടിലേക്ക് എത്തുന്നത്. 21–ാം വയസിലാണ് ജീവിക്കാനുള്ള മാർഗം തേടി അമ്മദ് ദുബായിൽ എത്തിയത്. 1978 ഒക്ടോബറിൽ ദുബായ് പൊലീസ് ഓഫീസ് ബോയ് ആയി ജോലി തുടങ്ങി.

നീണ്ട 20 വർഷം  അൽ മുല്ല പ്ലാസയ്ക്കടുത്തെ ദുബായ് പൊലീസ് ഹെഡ് ക്വാർട്ടേഴ്സിൽ ജോലി ചെയ്തു. തുടർന്ന് 2 വർഷം ജുമൈറ പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്തു. അവിടെ നിന്ന് എത്തിയ അൽ സഫയിലെ പൊലീസ് അക്കാദമിയിൽ 18 വർഷവും. ഏറ്റവും ഒടുവിൽ സേവനമനുഷ്ഠിച്ച ജുമൈറയിലെ പൊലീസ് അക്കാദമിയിൽ നിന്നാണ് വിരമിക്കുന്നത്. 

890 ദിർഹമായിരുന്നു ആദ്യ ശമ്പളം. കൂടാതെ, താമസവും ഭക്ഷണവും സൗജന്യമായി ലഭിച്ചു. പിന്നീട് തുക കൂടിക്കൂടി പിരിയുന്നതുവരെ നാലായിരത്തോളം ദിർഹം ശമ്പളം ലഭിച്ചുകൊണ്ടിരുന്നു. വളരെ സൗഹാർദപൂർവമായിരുന്നു പൊലീസ് ഉദ്യോഗസ്ഥരുടെ സമീപനം. മക്കള്‍ക്ക് മികച്ച വിദ്യാഭ്യാസം നൽകിയതാണ് പ്രവാസ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമായി കരുതുന്നത്. മൂത്തമകൻ അബ്ദുല്ല ബിരുദത്തിന് ശേഷം ദുബായിൽ മലബാർ ഗോൾഡിൽ ജോലി ചെയ്യുന്നു. രണ്ടാമത്തെ മകൻ ഹബീബ് റഹ് മാൻ നാട്ടിൽ ഫിസിയോതെറാപിസ്റ്റാണ്. മകൾ ഹസീബാ നൗഫൽ നാട്ടിൽ അധ്യാപികയും.

ആദ്യകാലത്ത് 2 വർഷത്തിലൊരിക്കൽ ഒരു മാസം നാട്ടിൽ പോയി വരുമായിരുന്നു. പിന്നീട് ഇത് വർഷത്തിലൊരുമാസമായി. ഏറ്റവുമൊടുവിൽ വർഷത്തിൽ 2 മാസത്തോളം നാട്ടിൽ നിൽക്കാൻ അനുവദിച്ചിരുന്നു. അവധിക്കാല വേതനത്തോടൊപ്പം പൊലീസുദ്യോഗസ്ഥർ സമ്മാനങ്ങളും തന്നുവിടാറുണ്ടെന്ന് അമ്മദ് പറയുന്നു. ആദ്യം ജോലി ചെയ്ത ഹെഡ് ക്വാർട്ടേഴ്സിന്റെ മേധാവി അലി ഖൽഫാൻ എല്ലാ റമസാനും വിളിച്ച് സമ്മാനം നൽകും. അതുപോലെ മറ്റു പൊലീസുദ്യോഗസ്ഥരുമായും മികച്ച ബന്ധം സൂക്ഷിക്കാനായതും നേട്ടമായി കരുതുന്നു. ഇതിനിടെ ബന്ധുക്കളെയും നാട്ടുകാരെയുമടക്കം ഒട്ടേറെ പേരെ ദുബായ് പൊലീസിൽ ഒാഫീസ് ബോയിമാരായി ജോലിയിൽ കയറാൻ സഹായിച്ചതും സംതൃപ്തി നൽകുന്നു. 

വിവിധ ആവശ്യങ്ങൾക്കായി മലയാളികൾ പൊലീസ് സ്റ്റേഷനുകളിലെത്താറുണ്ട്. ആരെയാണ് സമീപിക്കേണ്ടതെന്നറിയാതെ പലരും ഇത്തിരി ഭയത്തോടെ നിൽക്കുന്നത് കാണുമ്പോൾ അവർക്ക് ധൈര്യം കൊടുത്ത്, വഴികാട്ടിക്കൊടുക്കുമായിരുന്നു. അപ്പോൾ അവരുടെ മുഖത്തെ സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ. എന്നാൽ, നേർവഴിക്കല്ലാതെ ആരെങ്കിലും സമീപിച്ചാൽ യാതൊരു മടിയും കൂടാതെ പറ്റില്ലെന്നു പറഞ്ഞിട്ടുണ്ട്. ജോലിയിലെ ഇൗ ആത്മാർഥത തന്നെയാണ് തനിക്ക് ഇത്രയും വർഷം ദുബായ് പൊലീസിൽ യാതൊരു തടസ്സവുമില്ലാതെ സേവനം ചെയ്യാൻ സാധിച്ചതെന്ന് ഇദ്ദേഹം പറയുന്നു. നാട്ടിൽ ചെന്ന് വിശ്രമ ജീവിതം നയിക്കാനാണ് അമ്മദിന്റെ ഉദ്ദേശ്യം.

MORE IN GULF
SHOW MORE
Loading...
Loading...