കോവിഡ് വ്യാപനം കുറഞ്ഞു; യുഎഇ വീസ ഫീസുകളും പിഴകളും നാളെ മുതൽ ഈടാക്കും

കോവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തിൽ യുഎഇ വീസ നിയമങ്ങൾ പരിഷ്കരിച്ചു. വീസയുമായി ബന്ധപ്പെട്ട ഫീസുകളും പിഴകളും നാളെ മുതൽ ഈടാക്കാൻ മന്ത്രിസഭ അനുമതി നൽകി. രാജ്യത്തുള്ള പ്രവാസികൾക്ക് കാലാവധി കഴിഞ്ഞ രേഖകൾ പുതുക്കാൻ മൂന്ന് മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്.

പ്രവാസികളുടെ താമസ വീസ, എൻട്രി പെർമിറ്റ്, എമിറേറ്റ്സ് ഐഡി എന്നിവയുമായി ബന്ധപ്പെട്ട് കോവിഡിൻറെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച എല്ലാ തീരുമാനങ്ങളും ഇളവുകളും റദ്ദാക്കിയതായി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റ് ആൻഡ് സിറ്റിസൻഷിപ്പ് വ്യക്തമാക്കി. രാജ്യത്തുള്ള സ്വദേശികള്‍, ജിസിസി പൗരന്മാര്‍, പ്രവാസികള്‍ എന്നിവര്‍ക്ക് കാലാവധികഴിഞ്ഞ രേഖകള്‍ പുതുക്കാന്‍ മൂന്നു മാസത്തെ സമയം അനുവദിച്ചു. ആറ് മാസത്തിൽ കുറഞ്ഞ കാലം രാജ്യത്തിന് പുറത്തായിരുന്ന താമസ വീസക്കാർക്ക് യുഎഇയിലെത്തിയ ശേഷം രേഖകൾ പുതുക്കാൻ ഒരു മാസത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്. 

ഈ വർഷം മാര്‍ച്ച് ഒന്നിന് ശേഷം വീസാ കാലാവധി അവസാനിച്ച, ഇപ്പോള്‍ യുഎഇക്ക് പുറത്തുള്ളവര്‍ക്കും ആറ് മാസത്തിലധികമായി യുഎഇയിക്ക് പുറത്തു നില്‍ക്കുന്നവര്‍ക്കും പ്രത്യേക സമയപരിധി അനുവദിക്കും. യുഎഇയുമായുള്ള വ്യോമഗതാഗതം ആരംഭിക്കുന്നതനുസരിച്ചായിരിക്കും ഇവർക്ക് സമയപരിധി നിശ്ചയിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി. യുഎഇയിൽ താമസിക്കുന്നവരുടെ, മാർച്ച് ഒന്നിന് ശേഷം കാലാവധി തീർന്ന വീസകൾ ഡിസംബർ  അവസാനം വരെ നീട്ടിനൽകുമെന്ന തീരുമാനം റദ്ദാക്കിയിട്ടുണ്ട്.