മടങ്ങിയെത്താൻ പിപിഇ കിറ്റ്; തീരുമാനത്തെ സ്വാഗതം ചെയ്ത് ഗൾഫ് മലയാളികൾ

gulf
SHARE

കേരളത്തിലേക്ക് മടങ്ങിവരാൻ പിപിഇ കിറ്റ് മതിയാകുമെന്ന സംസ്ഥാന സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്ത് ഗൾഫിലെ പ്രവാസിമലയാളികൾ. പ്രായോഗികമല്ലാത്ത ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രവാസിമലയാളികളുടെ വലിയ പ്രതിഷേധങ്ങൾക്കൊടുവിലാണ് സർക്കാർ ഇളവ് അനുവദിച്ചത്. അതേസമയം, പിപിഇ കിറ്റിൻറെ ലഭ്യത അധികം ചെലവില്ലാതെ ഉറപ്പുവരുത്തണമെന്നാണ് പ്രവാസികളുടെ ആവശ്യം. 

ഗൾഫ് രാജ്യങ്ങളിലെ ആരോഗ്യമന്ത്രാലയങ്ങൾ പോലും അംഗീകരിച്ചിട്ടില്ലാത്ത പരിശോധന വേണമെന്ന കേരളസർക്കാരിന്റെ ഉത്തരവിനെതിരെ പ്രവാസലോകത്ത് വലിയ പ്രതിഷേധം ഉയർന്നിരുന്നു. സൌദി അറേബ്യ, ഒമാൻ, കുവൈത്ത്, ബഹ്റൈൻ എന്നിവിടങ്ങളിലെ പ്രവാസികൾ ആശങ്ക അകന്നതിന്റെ ആശ്വാസത്തിലാണ്. അതേസമയം, പിപിഇ കിറ്റിൻറെ ലഭ്യത, ചെലവ് എന്നിവ ബുദ്ധിമുട്ടിക്കുന്നതാകരുതെന്നാണ് പ്രവാസിമലയാളികളുടെ അഭ്യർഥന.

എന്നാൽ, സൌദിയടക്കമുള്ള രാജ്യങ്ങളിൽ നിന്ന് നാളെ പുറപ്പെടുന്ന ചാർട്ടേഡ് വിമാനത്തിലെ യാത്രക്കാർക്ക് പിപിഇ കിറ്റ് ഉറപ്പ് വരുത്താനാകുമോയെന്നത് സംശയമാണെന്ന് സംഘടനകൾ വ്യക്തമാക്കുന്നു. ചാർട്ടേഡ് വിമാനങ്ങളുടെ അനുമതി, വിമാനക്കമ്പനികൾ നേരിട്ട് സംസ്ഥാനസർക്കാർ വഴി നേടണമെന്ന് കേന്ദ്രസർക്കാർ നിർദേശമുണ്ട്. അതിനാൽ, പിപിഇ കിറ്റിൻറെ നിരക്കിലും ലഭ്യതയിലും പ്രവാസികൾക്ക് അനുകൂലമായി സംസ്ഥാനസർക്കാർ ഇടപെടൽ വേണമെന്നുകൂടി പ്രവാസലോകം അഭ്യർഥിക്കുന്നു. 

MORE IN GULF
SHOW MORE
Loading...
Loading...