ഹജ് തീർഥാടനത്തിന് പതിനായിരം പേർക്ക് മാത്രം അനുമതി

hajj-saudi
SHARE

ഈവർഷത്തെ ഹജ് തീർഥാടനത്തിന് പതിനായിരം പേർക്ക് മാത്രമായിരിക്കും അനുമതിയെന്ന് സൌദി ഹജ് ഉംറ മന്ത്രാലയം. 65 വയസിനു താഴെയുള്ള, സൌദിയിൽ താമസിക്കുന്നവർക്ക് മാത്രമായിരിക്കും തീർഥാടനത്തിന് അനുമതി നൽകുക. കോവിഡ് പ്രതിരോധത്തിൻറെ ഭാഗമായി ഹജ് തീർഥാടനം പരിമിതപ്പെടുത്തുമെന്ന് അറിയിച്ചതിന് പിന്നാലെയാണ് നിയന്ത്രണങ്ങളിൽ വ്യക്തത വരുത്തിയത്.

കോവിഡ് പശ്ചാത്തലത്തിൽ ജനങ്ങളുടെ സുരക്ഷ പരിഗണിച്ച് ഈ വർഷത്തെ ഹജ് തീർഥാടനം പരിമിതമായി നടത്താൻ തീരുമാനിച്ചതായി സൌദി ഹജ് ഉംറ മന്ത്രാലയം വ്യക്തമാക്കി.ഉംറ തീർഥാടനം പൂർണമായും നിർത്തിവച്ചതിനു പിന്നാലെയാണ് ഈ വർഷം ജൂലൈ അവസാനം മുതൽ ഓഗസ്റ്റ് ആദ്യവാരം വരെ നടക്കുന്ന ഹജ് തീർഥാടനം പരിമിതപ്പെടുത്തിയത്. ജനങ്ങളുടെ ആരോഗ്യസുരക്ഷ ഉറപ്പ് വരുത്തേണ്ടത് രാജ്യത്തിൻറെ കടമയായതിനാലാണ് ഇത്തരമൊരു തീരുമാനമെന്ന് മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.  

നിലവിൽ സൌദിഅറേബ്യയിൽ താമസിക്കുന്ന വിവിധ രാജ്യങ്ങളിൽ നിന്നുള്ള പരിമിതമായ അംഗങ്ങൾക്കായിരിക്കും അനുമതി. സാമൂഹിക അകലം ഉൾപ്പെടെയുള്ള മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കും ഹജ് തീർഥാടനം. പകർച്ചാവ്യാധിയിൽ നിന്നുള്ള മോചനം അതിപ്രധാനമാണെന്നും അതിനാലാണ് നിയന്ത്രണങ്ങളെന്നും അധികൃതർ വിശദീകരിച്ചു. ഈ വർഷത്തെ റമസാൻ നോമ്പുകാലത്തേത് പോലെ നിയന്ത്രണങ്ങളോടെയായിരിക്കും മക്ക, മദീന വിശുദ്ധ നഗരങ്ങളിലെ പ്രാർഥനാകർമങ്ങൾ നിർവഹിക്കാൻ സൌകര്യമൊരുക്കുന്നത്. ഇന്ത്യയിൽ നിന്ന് രണ്ടുലക്ഷം തീർഥാടകരടക്കം  25 ലക്ഷം തീർഥാടകരാണ് കഴിഞ്ഞവർഷം ഹജ് നിർവഹിച്ചത്.

MORE IN GULF
SHOW MORE
Loading...
Loading...