ആഘോഷങ്ങളില്ലാതെ ഗൾഫ് പ്രവാസിമലയാളികളുടെ ചെറിയ പെരുന്നാൾ

മഹാമാരിയുടെ പശ്ചാത്തലത്തിൽ വലിയ ആഘോഷങ്ങളില്ലാതെയാണ് ഗൾഫിലെ പ്രവാസിമലയാളികളുടെ ചെറിയ പെരുന്നാൾ. മക്കയും മദീനയും ഉൾപ്പെടെ എല്ലാ പള്ളികളിലും ഒരുമിച്ചുള്ള പ്രാർഥനകളില്ലാത്തതിനാൽ താമസിയടങ്ങളിലാണ് നിസ്കാരപ്രാർഥനകൾ. ഭരണാധികാരികളുടെ നിർദേശപ്രകാരം കോവിഡ് പ്രതിരോധത്തിൻറെ ഭാഗമായി കൂടിച്ചേരലുകളും ഒരുമിച്ചുള്ള വിരുന്നുകളും ഒഴിവാക്കിയിട്ടുണ്ട്.

ചെറിയ പെരുന്നാൾ ദിനം വിശുദ്ധനഗരങ്ങളായ മക്കയും മദീനയും ജനസാഗരമില്ലാതെ ഒഴിഞ്ഞുകിടന്നു. കഅബയിലേക്ക് നോക്കി പ്രാർഥിക്കുന്ന ലോകത്തെ എല്ലാ വിശ്വാസികളുടേയും പ്രതിനിധികളായി ഇമാമും ഹറം ജീവനക്കാരും മാത്രമായി പെരുന്നാൾ പ്രാർഥനകളുടെ ഭാഗമായി. ആറു ഗൾഫ് രാജ്യങ്ങളിലേയും പള്ളികളിൽ ഒരുമിച്ചുള്ള പ്രാർഥനയില്ലെങ്കിലും തക്ബീർ വിളികളുയർന്നു. പ്രവാസിമലയാളികളുടേതടക്കമുള്ള താമസയിടങ്ങൾ ഈദ് ഗാഹുകളും, പ്രാർഥനാവേദികളുമായി. 

സൌദിയടക്കം ആറ് ഗൾഫ് രാജ്യങ്ങളിലും കർശനനിയന്ത്രണങ്ങൾ തുടരുകയാണ്. കോവിഡ് പ്രതിരോധത്തിൻറെ ഭാഗമായി ജാഗ്രതയോടെയാകണം പെരുന്നാളാഘോഷമെന്നാണ് ഭരണാധികാരികളുടെ നിർദേശം. അതേസമയം, കെഎംസിസി, മർക്കസ് അടക്കമുള്ള സംഘടനകൾ തൊഴിലാളി ക്യാംപുകളിലടക്കം ഭക്ഷണവിതരണം നടത്തുന്നുണ്ട്.