മലയാളിയുടെ കമ്പനിയിൽ നിന്ന് പണം തട്ടിയ കേസ്; വാർത്ത നിഷേധിച്ച് മുൻ ജീവനക്കാരന്‍

മലയാളി വ്യവസായി ദിലീപ് രാഹുലന്റെ ഉടമസ്ഥതയിലുള്ള ദുബായിലെ കമ്പനിയിൽ നിന്ന് പണം തട്ടിയ കേസിൽ അറസ്റ്റിലായെന്ന വാർത്ത നിഷേധിച്ച് കമ്പനിയിലെ മുൻ ജീവനക്കാരനായ ശ്രീനിവാസൻ നരസിംഹൻ. കേസിൽ പെടുത്താനുള്ള ശ്രമം നടക്കുന്നതായി ദുബായിൽ ഓൺലൈൻ വാർത്താസമ്മേളനത്തിൽ അദ്ദേഹം ആരോപിച്ചു. ഇന്ത്യക്ക് പുറത്ത് ആസ്തികളില്ലെന്നും ശ്രീനിവാസൻ വ്യക്തമാക്കി.

മലയാളിയായ ദിലീപ് രാഹുലിൻറെ ഉടമസ്ഥതയിലുള്ള പസഫിക് കൺട്രോൾ സിസ്റ്റംസിൽ നിന്ന് 760 കോടിയോളം രൂപ കാണാതായ കേസിൽ താൻ പിടിയിലായിട്ടില്ലെന്ന് കമ്പനി മുൻ ഉദ്യോഗസ്ഥൻ ശ്രീനിവാസൻ നരസിംഹൻ  വ്യക്തമാക്കി. പാസ്പോർട്ട് കയ്യിലുണ്ടെന്നും അറസ്റ്റിലായെന്ന വാർത്ത തെറ്റാണെന്നും ശീനിവാസൻ പറഞ്ഞു. കമ്പനിയുമായി ബന്ധപ്പെട്ട കേസിൽ തന്നെ ഉൾപ്പെടുത്താൻ ശ്രമങ്ങളുണ്ട്. മുൻപ് ഈ ആവശ്യം ഉന്നയിച്ച് ദിലീപ് രാഹുലൻ ഷാർജ കോടതിയെ സമീപിച്ചെങ്കിലും അത് നിരാകരിച്ചിരുന്നു. അതേസമയം, ദുബായിൽ എന്നല്ല ഇന്ത്യക്ക് പുറത്ത് എവിടെയും ആസ്തികളില്ലെന്നും അദ്ദേഹം പറഞ്ഞു.

യുഎഇിൽ താമസവീസയിലാണ് വന്നതെന്നും തനിക്കെതിരെ കേസുകളില്ലെന്നും ശ്രീനിവാസൻ പറഞ്ഞു. ദിലീപ് രാഹുലനും പിസിഎസ് സിഒഒ ആയിരുന്ന ബീന ഏബ്രഹാമും ചേർന്നാണ് തന്നെ കുരുക്കാനുള്ള നീക്കങ്ങൾ നടത്തുന്നതെന്നും  അദ്ദേഹം ആരോപിച്ചു. വിവാദമായ ലാവ്ലിൻ കേസുമായി ബന്ധപ്പെട്ട് നേരത്തേ ദിലീപ് രാഹുലൻറെ പേരുയർന്നുവന്നിരുന്നു. ലാവ്ലിൻ കമ്പനിയിലെ ഉദ്യോഗസ്ഥനായിരുന്നു ദിലീപ്.