പട്ടിണിയകറ്റി 'ടെൺ മില്യൺ മീൽസ്'; യുഎഇയിൽ പദ്ധതി വിജയം

million-meal
SHARE

മഹാമാരിയുടെ കാലത്ത് ആരും പട്ടിണികിടക്കരുതെന്ന ലക്ഷ്യത്തോടെ യുഎഇയില്‍ ആരംഭിച്ച ടെൺ മില്യൺ മീൽസ് പദ്ധതി വൻ വിജയമെന്ന് റിപ്പോർട്ട്. ഒരു കോടി ആളുകള്‍ക്ക് ഭക്ഷണമെത്തിക്കാന്‍ ലക്ഷ്യമിട്ട പദ്ധതി സമാപിക്കുമ്പോള്‍, ഒന്നരക്കോടി ആളുകള്‍ക്കാണ് ഭക്ഷണം വിതരണം ചെയ്യാനായത്. ലോകത്തിലെ ഏറ്റവും ഉയരമേറിയ കെട്ടിടമായ ബുർജ് ഖലീഫയിലൂടെ പ്രവാസികളടക്കം പദ്ധതിയുടെ ഭാഗമായി.

യുഎഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തുമിൻറെ ആഹ്വാനമനുസരിച്ചാണ് റമസാൻ മാസത്തിൽ ഒരുകോടിയാളുകൾക്ക് ഭക്ഷണമെത്തിക്കാനുള്ള പദ്ധതി, ടെൺ മില്യൺ മീൽസ് തുടങ്ങിയത്.

ആദ്യ ആഴ്ചകളിൽ തന്നെ ലക്ഷ്യം മറികടന്ന് ഒന്നരക്കോടിയിലധികം പേർക്ക് ഭക്ഷണമെത്തിക്കാനായതായി ഷെയ്ഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു. 115 രാജ്യക്കാർ പദ്ധതിയിൽ സഹകരിച്ചതായും ആയിരത്തിലധികം സന്നദ്ധപ്രവർത്തകരാണ് ഇതു പ്രാവർത്തികമാക്കുന്നതിന് നേരിട്ടിറങ്ങിയതെന്നും ദുബായ് ഭരണാധികാരി വ്യക്തമാക്കി. 14 ലക്ഷം ഭക്ഷണപ്പൊതികൾ ഓൺലൈൻ സംഭാവനകളായെത്തി. കമ്പനികളും സംരംഭകരും വഴി 57 ലക്ഷം പേർക്കും സാമൂഹിക സംഘടനകൾ വഴി 68 ലക്ഷം പേർക്കും ഭക്ഷണം നൽകി. 

ലോകത്തിലെ ഏറ്റവും ഉയരമേറിയ സംഭാവനപ്പെട്ടിയായി ബുർജ് ഖലീഫ മാറിയതിനും ദുരിതകാലം സാക്ഷിയായി. ഒരു ഭക്ഷണപ്പൊതിയുടെ വിലയായ പത്തുദിർഹം സംഭാവന നൽകുമ്പോൾ ബുർജ് ഖലീഫയിലെ ഒരു എൽഇഡി ബൾബ് പ്രകാശിപ്പിക്കുന്ന പദ്ധതി പ്രഖ്യാപിച്ചാണ് അന്നദാനത്തിൻറെ മാഹാത്മ്യം യുഎഇ ഉയരത്തിൽ പ്രഖ്യാപിച്ചത്. മലയാളികളടക്കം സഹകരിച്ചതോടെ 12 ലക്ഷം പേർക്കാണ് ഈ പദ്ധതി വഴി ഭക്ഷണമെത്തിച്ചത്. 

മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവും സോഷ്യൽ സോളിഡാരിറ്റി ഫണ്ടും സഹകരിച്ചാണ് പദ്ധതി യാഥാർഥ്യമാക്കിയത്.

MORE IN GULF
SHOW MORE
Loading...
Loading...