ഇന്ത്യയ്ക്കൊരു സല്യൂട്ട്; ആദ്യ സംഘം ആരോഗ്യപ്രവർത്തകർ ഇന്ന് യുഎഇയിൽ

india-uae-covid-nurse
SHARE

ഇന്ത്യയിൽ നിന്നുള്ള ‘ഭൂമിയിലെ മാലാഖമാർ’ യുഎഇയില്‍ കാലുകുത്താൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രം. കോവിഡ്19 പശ്ചാത്തലത്തിൽ യുഎഇയിൽ വൈദ്യ സഹായം നൽകുന്നതിന് ഇന്ത്യയിൽ നിന്നുള്ള 88 അംഗ മെഡിക്കൽ സംഘത്തിലെ ആദ്യ ബാച്ചിലെ ആരോഗ്യപ്രവർത്തകർ ഇന്ന് രാത്രിയോടെ ദുബായിലെത്തും. സംഘം ഇതിനകം ഇന്ത്യയിൽ നിന്ന് പുറപ്പെട്ടതായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ചിത്രങ്ങൾ, വിഡിയോ സഹിതം ട്വീറ്റ് ചെയ്തു. ‘ഇന്ത്യയ്ക്കൊരു സല്യൂട്ട്’ എന്ന കുറിപ്പോടെയാണ് ഇവ പങ്കുവച്ചത്.

കേരളം, മഹാരാഷ്ട്ര, കർണാടക എന്നിവിടങ്ങളിലെ ആസ്റ്റർ ഡിഎം ഹെൽത്ത് കെയറിൽ നിന്നുള്ള നഴ്സുമാരാണ് ബെംഗളൂരുവിൽ നിന്ന് യാത്ര തിരിച്ചത്. രാത്രി ദുബായ് രാജ്യാന്തര വിമാനത്താവളം ടെർമിനൽ രണ്ടിലാണ് പ്രത്യേക വിമാനത്തിൽ വരുന്ന ഇവർ എത്തിച്ചേരുക. ഇന്ത്യയിൽ കുടുങ്ങിക്കിടന്ന ചില നഴ്സുമാരും ഇവരോടൊപ്പമുണ്ടെന്നാണ് വിവരം.

വൈദ്യസഹായം നൽകാനായി ആരോഗ്യ പ്രവർത്തകരെ അയക്കാൻ യുഎഇ നേരത്തെ ഇന്ത്യയോട് അഭ്യർഥിച്ചിരുന്നു. കൂടാതെ, ഇന്ത്യയിൽ അവധിയിലുള്ള യുഎഇയിൽ ജോലി ചെയ്യുന്ന ഇന്ത്യൻ നഴ്സുമാരെ തിരിച്ചയക്കാനും അഭ്യർഥന നടത്തി. ഇതേ തുടർന്ന് ഇൗ മാസം ആദ്യമാണ് ഇന്ത്യൻ സർക്കാർ അനുമതി നൽകിയത്. 88 അംഗ സംഘത്തിൽ നഴ്സുമാരെ കൂടാതെ, ഡോക്ടർമാരും ഉൾപ്പെടുന്നു.

അതേസമയം, യുഎഇ ഇന്ത്യക്ക് മെഡ‍ിക്കൽ ഉപകരണങ്ങൾ കയറ്റിയയക്കുകയും ചെയ്തിരുന്നു. ഇരു രാജ്യങ്ങളും തമ്മില്‍ ആരോഗ്യമേഖലയിലെ സഹകരണമാണ് ഇൗ ഉദ്യമത്തിലൂടെ വെളിവാക്കപ്പെടുന്നതെന്ന് ഇന്ത്യൻ കോൺസുലേറ്റ് ട്വിറ്ററിൽ കുറിച്ചു.

MORE IN GULF
SHOW MORE
Loading...
Loading...