രോഗം തളർത്തി, പിന്നീട് ജോലി പോയി; 23 വർഷത്തെ പ്രവാസത്തിനു ശേഷം നാട്ടിലേക്ക്

Noushad-and-family
SHARE

കോഴിക്കോട്ടേയ്ക്ക് യാത്ര തിരിക്കാനായി ദുബായ് രാജ്യാന്തര വിമാനത്താവളം ടെർമിനൽ 2ലെത്തിയ നൗഷാദിനും കുടുംബത്തിനും ഇത് ആശ്വാസയാത്ര. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഒടുവിൽ നാട്ടിലേയ്ക്ക് പോകാനുള്ള ദിവസം കടന്നുവന്നപ്പോൾ രോഗിയായ ഇൗ യുവാവിന്റെ കണ്ണുകൾ നിറഞ്ഞു. 

കഴിഞ്ഞ 23 വര്‍ഷമായി യുഎഇയിലുള്ള നൗഷാദ് സ്വകാര്യ കമ്പനിയിൽ ഉദ്യോഗസ്ഥനായിരുന്നു. 10 വർഷം മുൻപാണ് രോഗബാധിതനായത്. പിന്നീട്, ഒാഫീസിൽ പോകാൻ പറ്റാത്ത അവസ്ഥയായി. രണ്ടു മാസം മുൻപ് ജോലിയിൽ നിന്ന് പിരിച്ചുവിടപ്പെട്ടു. മകൻ പത്താം ക്ലാസ് വിദ്യാർഥിയായതിനാൽ പരീക്ഷ കഴിയാതെ നാട്ടിലേയ്ക്ക് മടങ്ങാൻ പറ്റാത്ത സാഹചര്യത്തിൽപ്പെട്ടു. മാർച്ച് അവസാനത്തോടെ പരീക്ഷ തീരുമെന്നതിനാൽ അതുവരെ മടക്കയാത്ര മാറ്റിവച്ചു. അപ്പോഴേയ്ക്കും ഇടിത്തീ കോവിഡ് 19 ലോക് ഡൗൺ വന്നുവീണു. വിമാനസർവീസുകൾ നിർത്തലാക്കിയതോടെ പിന്നീട് കാത്തിരിപ്പിന്റെ നാളുകളായിരുന്നു. 

മടങ്ങിപ്പോകാൻ ആഗ്രഹിക്കുന്നവർക്ക് നോർക്ക റജിസ്ട്രേഷൻ ആരംഭിച്ചപ്പോഴും പിന്നീട് ഇന്ത്യൻ എംബസി വെബ് സൈറ്റിലും പേര് റജിസ്റ്റർ ചെയ്തു. ഇന്ന് വിമാനസർവീസ് ആരംഭിക്കുന്നു എന്നറിഞ്ഞതു മുതൽ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. യാത്രയ്ക്ക് തിരഞ്ഞെടുത്തുകൊണ്ട് ചൊവ്വാഴ്ച  എംബസിയുടെ മെയിൽ ലഭിച്ചു. എന്നാൽ നൗഷാദിന് മാത്രമായിരുന്നു യാത്രാ സംവിധാനം ഒരുങ്ങിയത്. തുടർന്ന് കുടുംബത്തിനും പോകണമെന്നറിഞ്ഞതോടെ ഇന്നലെ വൈകിട്ടുവരെ അനിശ്ചിതത്വമായിരുന്നു. എല്ലാവരുടെ ടിക്കറ്റും ഒാക്കെയായപ്പോൾ ഏറെ കടമ്പകൾ ബാക്കി. 

ഫ്ലാറ്റ് ഒഴിയൽ, ജല–വൈദ്യുതി ബില്ലുകൾ അടയ്ക്കൽ, എത്തിസാലാത്ത് കണക്ഷൻ വിച്ഛേദിക്കല്‍ തുടങ്ങി സാധനങ്ങൾ കാർഗോ വഴി അയക്കൽ വരെ ലോക് ഡൗൺ കാരണം മുടങ്ങിക്കിടക്കുകയായിരുന്നു. ഇന്നലെ മണിക്കൂറുകൾ കൊണ്ടാണ് ഇവയെല്ലാം പൂർത്തിയാക്കിയതെന്ന് നൗഷാദിന്റെ ഭാര്യ പറഞ്ഞു. ഏതായാലും തങ്ങളുടെ ബുദ്ധിമുട്ടികളും പ്രതിസന്ധിയും മനസിലാക്കി ആദ്യ വിമാനത്തിൽ തന്നെ യാത്രയ്ക്കുള്ള അവസരം തന്നതിന് ഇൗ കുടുംബം അധികൃതർക്ക് നന്ദി പറയുന്നു.

MORE IN GULF
SHOW MORE
Loading...
Loading...