യുഎഇയിൽ വീസകൾ നീട്ടി നൽകും; മലയാളികള്‍ക്കടക്കം ആശ്വാസം

uae-road
SHARE

യുഎഇയിൽ കാലാവധി പൂർത്തിയായ താമസ വീസയുൾപ്പെടെ എല്ലാത്തരം വീസകളും മൂന്നു മാസത്തേയ്ക്ക് പിഴകൂടാതെ നീട്ടിനൽകും. താമസവീസയിലുള്ളവർ രാജ്യത്തിനു പുറത്തു നൂറ്റിഎൺപതിലേറെ ദിവസം കഴിഞ്ഞിട്ടുണ്ടെങ്കിലും വീസ റദ്ദാക്കില്ല. കോവിഡ് 19ൻറെ പശ്ചാത്തലത്തിലാണ് ഇളവ് അനുവദിച്ചത്.

മലയാളികളടക്കം ആയിരക്കണക്കിനു പേർക്കു ആശ്വാസമേകുന്ന തീരുമാനമാണ് യുഎഇ മന്ത്രിസഭായോഗം പ്രഖ്യാപിച്ചത്. വിമാനവിലക്കിനെ തുടർന്ന് യുഎഇയിൽ കുടുങ്ങിയ സന്ദർശകവീസയിലുള്ളവർക്ക് നിയമവിധേയമായി രാജ്യത്ത് തുടരാമെന്ന് നേരത്തേ അധികൃതർ വ്യക്തമാക്കിയിരുന്നു. മാര്‍ച്ച് ഒന്നിന് അവസാനിക്കുന്ന എല്ലാ വീസകളും മൂന്നു മാസത്തേക്കു നീട്ടിനൽകും. താമസ വീസ കൂടാതെ, സന്ദർശക, ടൂറിസ്റ്റ് വീസ ഉള്ളവർക്കും പുതിയ നിയമം ബാധകമായിരിക്കും. യുഎഇക്ക് പുറത്ത് 180 ദിവസത്തിലേറെ കഴിയുന്നവരുടെ താമസ വീസ റദ്ദാകുകയില്ല. 

ഇവർക്ക് പ്രത്യേക ഫീസോ പിഴയോ ചുമത്തുകയുമില്ല. കോവിഡ്–19ന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ താമസക്കാർക്കും സന്ദർശകർക്കും ഉണ്ടാകുന്ന പ്രയാസം കണക്കിലെടുത്താണ് തീരുമാനമെന്നു ദുബായ് എമിഗ്രേഷൻ ഡയറക്ടർ ജനറൽ മേജർ ജനറൽ മുഹമ്മദ് അഹമദ് അൽ മർറി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും വിവരങ്ങൾക്കും  അമർ സെന്ററുമായി 8005111 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്. 

MORE IN GULF
SHOW MORE
Loading...
Loading...