കോവിഡ്: ഗൾഫിൽ മരണസംഖ്യ നാലായി; 183 പേർ ചികിൽസയിൽ

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ, കുവൈത്ത് മിനിസ്ട്രീസ് കോംപ്ലക്സിൽ എത്തിയവരെ പരിശോധനയ്ക്കു വിധേയമാക്കുന്ന ആരോഗ്യപ്രവർത്തകർ.

ബഹ്റൈനിൽ കോവിഡ് 19 ബാധിച്ചു മരിച്ചവരുടെ എണ്ണം രണ്ടായി. അൻപത്തൊന്നുവയസുള്ള സ്വദേശിവനിത മരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ ഗൾഫിലെ മരണസംഖ്യ നാലായി ഉയർന്നു.

ബഹ്റൈനിൽ രണ്ടാമത്തെ സ്വദേശിവനിതയാണ് കോവിഡ് 19 ബാധിച്ചു മരിക്കുന്നത്. നൂറ്റിഎൺപത്തിമൂന്നു പേരാണ് നിലവിൽ ചികിൽസയിലുള്ളത്. മൂന്നു പേരുടെ നില ഗുരുതരമാണ്. 149 പേർ രോഗമുക്തി നേടിയതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇരുപത്തിനാലു മണിക്കൂറിനിടെ ആറു ഗൾഫ് രാജ്യങ്ങളിലുമായി നൂറ്റിഅറുപത്തിനാലോളം പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. സൌദിയിൽ 119 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെയെണ്ണം 511 ആയി. 

മക്കയിലെ ഒരു ഹോട്ടലിലാണ് എഴുപത്തിരണ്ടു കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതെന്നു ആരോഗ്യമന്ത്രാലയം അറിയിച്ചു. ഗൾഫിൽ ഏറ്റവുമധികം കോവിഡ് 19 ബാധിതരുള്ളത് സൌദിയിലാണ്. കുവൈത്തിൽ പന്ത്രണ്ടു പേർ കൂടി രോഗബാധിതരായി. ആകെ രോഗബാധിതർ 188. അതേസമയം, ദുബായിലെ എമിറേറ്റ്സ് എയൽലൈൻസ് മുഴുവൻ യാത്രാവിമാനങ്ങളും ബുധനാഴ്ച മുതൽ റദ്ദാക്കാൻ തീരുമാനിച്ചു. ലോകത്തെ 159 രാജ്യാന്തര വിമാനത്താവളങ്ങളിലേക്ക് സർവീസ് നടത്തുന്ന വിമാനകമ്പനിയാണ് എമിറേറ്റ്സ്. ലോകത്ത് ഏറ്റവുമധികം സമ്മാനത്തുകയുള്ള ദുബായ് ലോകകപ്പ് കുതിരയോട്ട മൽസരം അടുത്തവർഷത്തേക്കു മാറ്റി.