ഭക്ഷ്യവസ്തുക്കളുടെ അധിക ശേഖരം ഉറപ്പാക്കും; ആശ്വാസ നടപടിയുമായി ഒമാൻ

omann-19
SHARE

കോവിഡ് 19ൻറെ പശ്ചാത്തലത്തിൽ പൊതുജനങ്ങൾക്കു നിരക്ക് ഇളവുകളുമായി ഒമാൻ. ഭക്ഷ്യവസ്തുക്കളുടെ അധികശേഖരം ഉറപ്പുവരുത്തുന്നതടക്കമുള്ള പദ്ധതികൾ പ്രഖ്യാപിച്ചു. അതേസമയം, ചൈനയിൽ നിന്നും അബുദാബിയിലെത്തിച്ചു ചികിൽസ നൽകിയ വിവിധരാജ്യക്കാരായ ഇരുന്നൂറ്റിപതിനഞ്ചു പേർ കോവിഡ് മുക്തരായി.

കോവിഡ് 19 രാജ്യത്തിൻറെ സമ്പദ്ഘടനയിലും വ്യവസായ മേഖലയിലും പൊതുജനങ്ങൾക്കുമുണ്ടാക്കുന്ന ആഘാതം മറികടക്കാനാണ് ഒമാൻ സർക്കാർ വിവിധ പദ്ധതികൾ  പ്രഖ്യാപിച്ചത്. അടിസ്ഥാന ഭക്ഷ്യവസ്തുക്കളുടെ അധിക ശേഖരം ലഭ്യമാക്കുമെന്നതാണ് പ്രധാന തീരുമാനം. ആറുമാസത്തേക്ക് സ്വകാര്യ മേഖലക്ക് ഭക്ഷ്യോത്പന്നങ്ങളും ഉപഭോക്തൃ ഉത്പന്നങ്ങളും ശേഖരിക്കാൻ സർക്കാർ വെയർഹൌസുകൾ സൌജന്യമായി വിട്ടുനൽകും. ഓഗസ്റ്റ് എട്ടുവരെ ടൂറിസം, നഗരസഭ നികുതിയിൽ നിന്നും റസ്റ്ററൻറുകളെ ഒഴിവാക്കി. 

വാണിജ്യ-വ്യവസായ സ്ഥാപനങ്ങൾ ഓഗസ്റ്റ് വരെ നഗരസഭാ ഫീസ് നൽകേണ്ട.  അൽ റഫദ് ഫണ്ടിലേക്കുള്ള ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ വായ്പ ഗഡു അടക്കാനും  ഒമാൻ ഡെവലപ്‌മെൻറ് ബാങ്കിന് നൽകേണ്ട വായ്പ ഗഡുക്കളിലും ആറുമാസം സാവകാശം അനുവദിക്കും. വാഹന വായ്പ തവണകൾ നീട്ടിവെക്കണമെന്ന ആവശ്യം അടുത്ത മൂന്ന് മാസ കാലത്തേക്ക് കാർ വിൽപനക്കാരും ധനകാര്യ കമ്പനികളും അംഗീകരിക്കണമെന്ന് സർക്കാർ നിർദേശിച്ചു. ഭക്ഷ്യോത്പന്നങ്ങൾക്കും മരുന്നുകൾക്കുമുള്ള വ്യോമയാന കാർഗോ നിരക്കും കുറച്ചു. നിലവിലെ സാഹചര്യത്തിൽ വാടക ഒഴിവാക്കുകയോ കുറക്കുകയോ നീട്ടിവെക്കുകയോ വേണമെന്ന് വാണിജ്യ കേന്ദ്രങ്ങളുടെയും മാളുകളുടെയും ഉടമസ്ഥരോട് ആവശ്യപ്പെട്ടു. ഒമാനിൽ എല്ലാത്തരം വീസകൾ നൽകുന്നതും നിർത്തിവച്ചു. 

അതേസമയം, കോവിഡ് ബാധയെത്തുടർന്നു  ചൈനയിലെ ഹൂബി പ്രവിശ്യയിൽ നിന്നും അബുദാബിയിൽ പ്രത്യേക വിമാനത്തിലെത്തിച്ച് ചികിൽസ നൽകിയ 215 പേരും രോഗമുക്തി നേടി. സിറിയ, ജോർദാൻ, ഇറാഖ്, സുഡാൻ, ബ്രസീൽ, ഈജിപ്ത്, യെമൻ തുടങ്ങി 11 രാജ്യക്കാരെയാണ് ഈമാസം നാലിന് അബുദാബിയിലെത്തിച്ചത്. 14 ദിവസത്തിനിടെ നാലു തവണ പരിശോധന നടത്തിയതായും നിലവിൽ ആർക്കും രോഗമില്ലെന്നും മെഡിക്കൽ സൂപ്പർവൈസർ വ്യക്തമാക്കി. യാത്രാവിലക്ക് മാറുന്നതനുസരിച്ച് ഇവർക്കു സ്വന്തം രാജ്യത്തേക്കു മടങ്ങാം. 

MORE IN GULF
SHOW MORE
Loading...
Loading...