കോവിഡ് 19; കർശന നിയന്ത്രണങ്ങളും നിരക്ക് ഇളവുകളുമായി യുഎഇ

gulf1
SHARE

കോവിഡ് 19 ൻറെ പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളും പൊതുജനങ്ങൾക്കു  നിരക്ക് ഇളവുകളുമായി യുഎഇ. വിവിധ സേവനങ്ങൾക്കുള്ള ഫീസ് കുറച്ചതുൾപ്പെടെ പതിനാറ് ഇളവുകൾ പ്രഖ്യാപിച്ചു. അതേസമയം, യുഎഇയിലെ മുസ്്ലിം പള്ളികളടക്കം എല്ലാ ആരാധനാലയങ്ങളിലും നാലാഴ്ചത്തേയ്ക്ക് കർമങ്ങൾ നിർത്തിവയ്ക്കാൻ നിർദേശം നൽകി. 

യുഎഇ സെൻട്രൽ ബാങ്ക് പ്രഖ്യാപിച്ച 10,000 കോടി ദിർഹത്തിന്റെയും ദുബായ് സർക്കാർ പ്രഖ്യാപിച്ച 150 കോടി ദിർഹത്തിന്റെയും സാമ്പത്തിക ഉത്തേജക പദ്ധതിക്കു പുറമെയാണ് അബുദാബിയുടെ ഇടപെടൽ. സ്വകാര്യമേഖലയിലെ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ ഉന്നമനത്തിനൊപ്പം പൊതുജനങ്ങളുടെ ജീവിത ചെലവ് കുറയ്ക്കുകയുമാണ് ലക്ഷ്യം. താമസക്കാർക്കും വാണിജ്യ, വ്യാപാര സ്ഥാപനങ്ങൾക്കും ജലവൈദ്യുതി ബില്ലിൽ ഇളവു നൽകാൻ 500 കോടി ദിർഹം അനുവദിച്ചു. റസ്റ്ററന്റ്, ടൂറിസം, വിനോദ സ്ഥാപനങ്ങളുടെ വാടക 20 ശതമാനം കുറച്ചു. വാണിജ്യ, വ്യാപാര ആവശ്യങ്ങൾക്കുള്ള കെട്ടിടങ്ങളുടെ വാടക കരാർ ഫീസ്, വാണിജ്യ ആവശ്യത്തിനുള്ള വാഹനങ്ങളുടെ 2020ലെ റജിസ്ട്രേഷൻ ഫീസ് എന്നിവ ഒഴിവാക്കി. അബുദാബിയിൽ ഈ വർഷം ഗതാഗത ടോളുകളുണ്ടാകില്ലെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. 2019ൽ പ്രഖ്യാപിച്ച 5000 കോടി ദിർഹത്തിന്റെ സാമ്പത്തിക ഉത്തേജക പദ്ധതിയായ ഗദാൻ–21ൽ ഉൾപെടുത്തിയാണ് പുതിയ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം,  യുഎഇയിലെ മുസ്ലിം പള്ളികൾ അടക്കം എല്ലാ ആരാധനാലയങ്ങളിലും ഒരുമാസത്തേക്ക് പ്രാർഥനകളും മറ്റു കർമങ്ങളും നിർത്തിവയ്ക്കാൻ മതകാര്യ വകുപ്പ് നിർദേശിച്ചു.

ദുബായിൽ ബാറുകൾ, പബുകൾ എന്നിവ ഈ മാസത്തേക്ക് അടച്ചിടാൻ അധികൃതർ നിർദേശം നൽകി. വിവാഹം അടക്കമുള്ള പൊതുപരിപാടികൾ ഒഴിവാക്കണമെന്നാണ് നിർദേശം. കോവിഡ് 19 നെക്കുറിച്ചു തെറ്റായ പ്രചരണങ്ങൾ നടത്തുന്നവർക്കെതിരെ ക്രിമിനൽ കേസെടുക്കുമെന്നു യുഎഇ പബ്ലിക് പ്രോസിക്യൂട്ടർ പറഞ്ഞു. 

MORE IN GULF
SHOW MORE
Loading...
Loading...