കോവിഡിൽ ജാഗ്രതയോടെ ഗൾഫ് രാജ്യങ്ങൾ; പൊതുപരിപാടികൾ ഒഴിവാക്കി

guld-13
SHARE

കോവിഡ് 19 വ്യാപനം തടയാൻ കൂടുതൽ നിയന്ത്രണങ്ങളും നിർദേശങ്ങളുമായി ഗൾഫ് രാജ്യങ്ങൾ. അബുദാബിയിൽ പൊതുപരിപാടികൾ റദ്ദാക്കി. കുവൈത്തിൽ ജനങ്ങൾ അനാവശ്യമായി വീടിനു പുറത്തേക്കിറങ്ങരുതെന്നാണ് നിർദേശം. ഗൾഫിൽ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം എഴുന്നൂറു കടന്നു.

കോവിഡ് 19 വ്യാപിക്കാതിരിക്കാനുള്ള മുൻകരുതൽ നടപടികളാണ് ശക്തമാക്കിയിട്ടുള്ളത്. പൊതുപരിപാടികൾ നിർത്തിവയ്ക്കാൻ അബുദാബിയിലെ അംഗീകൃത സംഘടനകൾക്ക് യുഎഇയിലെ സാമൂഹിക വികസന വിഭാഗം നിർദേശം നൽകി. കുവൈത്തിൽ അനാവശ്യമായി വീടിനു പുറത്തേക്കിറങ്ങുന്നത് ഒഴിവാക്കണമെന്നാണ് നിർദേശം. പൊതുഗതാഗത സംവിധാനങ്ങൾ റദ്ദാക്കുകയും വെള്ളിയാഴ്ചകളിലെ ജുമു‌അ ഉൾപ്പെടെ പള്ളികളിൽ അഞ്ച് നേരങ്ങളിലെയും ജമാ‌അത്ത് നമസ്കാരം നിരോധിച്ചു. നൂറുപേർക്കാണ് കുവൈത്തിൽ രോഗം സ്ഥിരീകരിച്ചത്. ഖത്തറിൽ മെട്രോ അടക്കം പൊതുഗതാഗത സംവിധാനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു.  

ഖത്തറിൽ 262 പേർക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഒമാനിൽ ഞായറാഴ്ച മുതൽ ഒരുമാസത്തേക്ക് സന്ദർശക വീസ നൽകുന്നത് റദ്ദാക്കി. അതേസമയം, ഇന്ത്യക്കാർക്ക് പ്രവേശനവിലക്കുള്ള സൌദി, ഖത്തർ, കുവൈത്ത് എന്നിവിടങ്ങളിൽ നിന്നും അവധിക്കു നാട്ടിലേക്കു പോയ പ്രവാസികളുടെ ഇഖാമ കാലാവധിയോ റി എൻ്ട്രീ കാലാവധിയോ കഴിഞ്ഞാലും പ്രവേശനവിലക്ക് കഴിയുമ്പോൾ മടങ്ങിയെത്തുന്നതിനു തടസമുണ്ടാകില്ലെന്നു അധികൃതർ അറിയിച്ചു. അവധിക്കു നാട്ടിൽ പോയ പ്രവാസിമലയാളികളടക്കമുള്ളവർക്ക് ആശ്വസകരമാണ് ഈ തീരുമാനം. കുവൈത്തിൽ വിമാന സർവീസ് നിർത്തലാക്കിയത് കാരണം തിരിച്ചുപോകാൻ കഴിയാത്ത സന്ദർശന വീസയിലുള്ളവർക്ക് വീസ കാലാവധി കഴിഞ്ഞാലും പിഴ ഈടാക്കില്ലെന്നു താമസാനുമതികാര്യ വിഭാഗം അറിയിച്ചു.

ബഹ്‌റൈനിൽ കോവിഡ് 19 സ്ഥിരീകരിക്കപ്പെട്ടവരിൽ 44 പേർ രോഗമുക്തരായി. 166 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. അതേസമയം, ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നു പൌരൻമാർക്ക് യുഎഇ നിർദേശം നൽകി. കോവിഡ് ബാധിത രാജ്യങ്ങളിൽ നിന്നും യുഎഇയിലേക്കു മടങ്ങിയെത്തുന്നവർ 14 ദിവസം സ്വയം നിരീക്ഷിച്ചു രോഗമില്ലെന്ന് ഉറപ്പുവരുത്തിയശേഷം േജാലിക്കു ഹാജരായാൽ മതിയെന്നു ചില കമ്പനികൾ നിർദേശം നൽകിയിട്ടുണ്ട്. തൊഴിലിടങ്ങളിൽ രോഗബാധ തടയുന്നതിനു പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്നു വിവിധ മന്ത്രാലയങ്ങൾ സ്വകാര്യസ്ഥാപനങ്ങൾ അടക്കമുള്ളവരോട് നിർദേശിച്ചു.

MORE IN GULF
SHOW MORE
Loading...
Loading...