ബഹ്റൈനിൽ രണ്ടു മലയാളി നഴ്സുമാർക്കു കോവിഡ് 19

coronavirus-311
SHARE

ബഹ്റൈനിൽ രണ്ടു മലയാളി നഴ്സുമാർക്കു കോവിഡ് 19 സ്ഥിരീകരിച്ചു. സ്വകാര്യ ആശുപത്രിയിലെ നഴ്സുമാരായ കാസർഗോഡ്, തിരുവനന്തപുരം സ്വദേശികൾക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. അതേസമയം, ഇന്ത്യയടക്കം മുപ്പത്തിയൊൻപതു രാജ്യങ്ങളിൽ നിന്നുള്ളവർക്കു സൌദി അറേബ്യ താൽക്കാലിക പ്രവേശനവിലക്കേർപ്പെടുത്തി.  

ഗൾഫ് രാജ്യങ്ങളിൽ ആദ്യമായാണ് മലയാളികൾക്കു കോവിഡ് 19 സ്ഥിരീകരിക്കുന്നത്. ആശുപത്രിയിൽ നിരീക്ഷണത്തിലുള്ളവരെ ചികിൽസിച്ച രണ്ടു മലയാളി നഴ്സുമാർക്ക് ഇന്നു വൈറസ് ബാധ സ്ഥിരീകരിച്ചു. ഐസൊലേഷനിൽ തുടരുന്ന ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. കാസർഗോഡ് സ്വദേശിയായ നഴ്സിൻറെ ഭർത്താവിൻറേയും കുഞ്ഞിന്റെയും സ്രവം പരിശോധനയ്ക്കു അയക്കുകയും ഇവരെ നിരീക്ഷണകേന്ദ്രത്തിലേക്കു മാറ്റുകയും ചെയ്തു.  195 പേർക്കാണ് ബഹ്റൈനിൽ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതിൽ 35 പേർ രോഗമുക്തിനേടി.  അതേസമയം,  ഇന്ത്യ, യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ, പാക്കിസ്ഥാൻ, ശ്രീലങ്ക, ഫിലിപ്പീൻസ്, സുഡാൻ തുടങ്ങി 39 രാജ്യങ്ങളിലേക്കുള്ള വിമാനസർവീസുകൾ റദ്ദാക്കിയതായി സൌദി ജനറൽ അതോറിറ്റി ഫോർ സിവിൽ ഏവിയേഷൻ വ്യക്തമാക്കി. ഇഖാമയുള്ളവർക്കു സൌദിയിലേക്കു മടങ്ങിയെത്താൻ എഴുപത്തിരണ്ടു മണിക്കൂർ കൂടി സമയം അനുവദിച്ചു. 

ഇന്ത്യ, ഫിലിപ്പീൻസ് സ്വദേശികളായ, ആരോഗ്യമേഖലയിലുള്ളവർക്ക് യാത്രാവിലക്ക് ബാധകമല്ല. സൌദിയിൽ ഇരുപത്തിനാലു പേർക്കുകൂടി വൈറസ് ബാധയേറ്റു. ഇതോടെ രാജ്യത്ത് കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം  നാൽപ്പത്തിയഞ്ചായി. യുഎഇയിൽ പതിനൊന്നു പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചതോടെ ആകെയെണ്ണം 85 ആയി. ദുബായിലെ സർക്കാർ മേഖലയിൽ ഗർഭിണികൾ ഉൾപ്പെടെയുള്ള ഒരു വിഭാഗം ജീവനക്കാർക്ക് വീടുകളിലിരുന്നു ജോലിചെയ്യാൻ സൌകര്യമൊരുക്കി. മുതിർന്ന പൌരന്മാർ, നിശ്ചയദാർഢ്യ വിഭാഗക്കാർ, 9ാം ക്ലാസ് വരെയുള്ള കുട്ടികളുടെ അമ്മമാർ എന്നിവർക്കും ഈ ആനുകൂല്യം ലഭിക്കും. കുവൈത്തിൽ  8 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.അതോടെ രോഗബാധിതരുടെ എണ്ണം 80 ആയതായി. അതേസമയം, ആശങ്കപ്പെടേണ്ടതില്ലെന്നും രോഗബാധിതരിൽ നിന്നും വൈറസ് വ്യാപനം തടയാൻ മുൻകരുതൽ സ്വീകരിച്ചിട്ടുണ്ടെന്നും വിവിധ ആരോഗ്യമന്ത്രാലയങ്ങൾ വ്യക്തമാക്കി.

MORE IN GULF
SHOW MORE
Loading...
Loading...