ഏജന്റ് ചതിച്ചു; അജ്മാനില്‍ കുടുങ്ങിയ മലയാളികളടക്കമുള്ള ഇന്ത്യൻ യുവതികള്‍ക്കു മോചനം

visa-fraud
SHARE

വീസ ഏജന്റിന്റെ തട്ടിപ്പിൽ കുടുങ്ങി പീഡനമേറ്റുവാങ്ങി അജ്മാനിലെ കുടുസുമുറിയിൽ കഴിഞ്ഞിരുന്ന രണ്ടു മലയാളികളടക്കം അഞ്ച് ഇന്ത്യൻ യുവതികളിൽ തിരുവനന്തപുരം സ്വദേശിനി ഇന്നലെ (ശനി) രാത്രി മലയാളി സാമൂഹിക പ്രവർത്തകരുടെ സഹായത്തോടെ നാട്ടിലേക്ക് മടങ്ങി. മുംബൈ സ്വദേശിനിയും കൊച്ചി, ആന്ധ്ര സ്വദേശിനികളും യാത്രാ നടപടികൾ പൂർത്തിയായ ശേഷം വൈകാതെ തിരിച്ചുപോകുമെന്ന് ഷാർജ മലയാളി കൂട്ടായ്മ പ്രവർത്തകൻ കിരൺ രവീന്ദ്രൻ പറഞ്ഞു. മുംബൈ സ്വദേശിനി ദുബായ് ഇന്ത്യൻ കോൺസുലേറ്റിന്റെ സംരക്ഷണയിലാണ്. നാട്ടിലെ പ്രാരാബ്ധങ്ങൾ കാരണം നല്ലൊരു തൊഴിൽ തേടിയെത്തിയ അഞ്ചുപേരും മാസങ്ങളോളം ഭീതിയിൽ കഴിഞ്ഞ് വെറുംകൈയോടെയാണ് തിരിച്ചുപോകുന്നത്.

അജ്മാൻ അൽ മദീനാ പൊലീസ് സ്റ്റേഷനടുത്തെ ചെറിയമുറിയിൽ മാസങ്ങളായി കഴിയുകയായിരുന്ന യുവതികളെക്കുറിച്ച് മനോരമ ശനിയാഴ്ച റിപ്പോർട് പ്രസിദ്ധീകരിച്ചിരുന്നു. ജോലിയോ കൃത്യമായി ഭക്ഷണമോ നൽകാതെ പീ‍ഡിനത്തിനിരയായിരുന്ന ഇവരിൽ മുംബൈ സ്വദേശിനി ഒന്നാംനിലയിലെ താമസ സ്ഥലത്ത് നിന്ന് സാമൂഹിക പ്രവർത്തകരുടെ സഹായത്തോടെ കയറിൽ തൂങ്ങിയിറങ്ങി സാഹസികമായി രക്ഷപ്പെടുകയായിരുന്നു. തിരുവനന്തുപരം സ്വദേശിനിയെ പിന്നീട് സാമൂഹിക പ്രവർത്തകർ നേരിട്ട് രക്ഷപ്പെടുത്തി. എന്നാൽ,  കൊച്ചി സ്വദേശിനിയടക്കം ബാക്കിയുള്ള 3 പേർ പാസ്പോർട് കൈയിൽ ഇല്ലാത്തതിനാൽ അവിടെ നിന്ന് വരാൻ മടിച്ചു. എന്നാൽ, ഇവരെയും ഉടൻ നാട്ടിലേയ്ക്കയക്കാൻ ഏജന്റുമാരുമായി സംസാരിച്ച് ധാരണയിലായിട്ടുണ്ടെന്ന് കിരൺ രവീന്ദ്രൻ പറഞ്ഞു.

ഡൽഹി സ്വദേശിനിയായ ഏജന്റിന്റെ കീഴിലായിരുന്നു അഞ്ചുപേരും അജ്മാനില്‍ താമസിച്ചിരുന്നത്. വൻതുക വീസയ്ക്ക് നൽകിയാണ് ഏജന്റ്് ഇവരെ യുഎഇയിലെത്തിച്ചത്. മാസങ്ങളായി ഇവർ ഇൗ മുറിയിൽ ഭയന്ന് കഴിയുകയായിരുന്നു. എന്നാൽ, നാട്ടിൽ നിന്ന് പോരുമ്പോൾ വാഗ്ദാനം ചെയ്തിരുന്നപോലെ ആർക്കും ജോലി നൽകാൻ ഏജന്റ് കൂട്ടാക്കിയില്ല. ഇവരുടെ സന്ദർശക വീസയുടെ കാലാവധി കഴിഞ്ഞിട്ട് ഏറെ നാളായിരുന്നു. വീസ പുതുക്കി നൽകുകയും  ചെയ്തില്ല. ‌ഇതേപ്പറ്റി ചോദിച്ചാൽ ക്രൂരമായ മർദനമായിരുന്നു മറുപടി. പീഡനം സഹിക്കവയ്യാതെ മലയാളി യുവതികളിലൊരാൾ നിലവിലെ അവസ്ഥ വിവരിച്ച് വിഡിയോ സഹിതം സുഹൃത്തിന് അയച്ചുകൊടുത്തതോടെയാണ് മോചനത്തിന് വഴിയൊരുങ്ങിയത്. 

വിഡിയോ കണ്ട സാമൂഹിക പ്രവര്‍ത്തകരും ഷാർജ മലയാളി അസോസിയേഷൻ പ്രവർത്തകരുമായ ദിനിൽ, കിരൺ രവീന്ദ്രൻ, അജ്മാൻ ഇന്ത്യൻ സോഷ്യൽ സെന്ററ്‍ ഭാരവാഹി മുഹമ്മദ് ജാസിം തുടങ്ങിയവർ അന്വേഷണത്തിലൂടെ ഇവരെ ഒളിപ്പിച്ച് താമസിപ്പിച്ചിരുന്ന സ്ഥലം കണ്ടെത്തി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. അജ്മാനിൽ ഇത്തരത്തിൽ ഒട്ടേറെ ഇന്ത്യക്കാർ വിസാ തട്ടിപ്പിനിരയായി കുടുങ്ങിക്കിടക്കുന്നുണ്ട്. ഇൗ വിഷയത്തിൽ അജ്മാൻ ഇന്ത്യൻ അസോസിയേഷന്‍റെ ശക്തമായ ഇടപെടലുണ്ടാകണമെന്ന് സാമൂഹിക പ്രവർത്തകർ ആവശ്യപ്പെടുന്നു. അതേസമയം, അഞ്ച് യുവതികൾ കുടുങ്ങിയ കാര്യത്തെക്കുറിച്ച് പ്രതികരിക്കാൻ അസോസിയേഷൻ ഭാരവാഹികൾ തയാറായിട്ടില്ല.

MORE IN GULF
SHOW MORE
Loading...
Loading...